ന്യൂദൽഹി- ജൂണിൽ ഖാലിസ്ഥാൻ ഭീകരനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ കാനഡയുടെ മുതിർന്ന നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. അഞ്ചു ദിവസത്തിനകം രാജ്യം വിടാനാണ് നിർദ്ദേശം.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഏജന്റുമാരുമായി ബന്ധമുണ്ടെന്നുള്ളതിന്റെ വിശ്വസനീയമായ തെളിവുകൾ തന്റെ സർക്കാറിന്റെ പക്കലുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ആരോപണം അസംബന്ധമാണെന്ന് ഇന്ത്യ തിരിച്ചടിച്ചു.
നമ്മുടെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ നയതന്ത്രജ്ഞർ ഇടപെടുകയാണെന്നും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ അവർക്ക് പങ്കാളിത്തമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.
കാനഡയിലെ ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (റോ) തലവനെ കാനഡ പുറത്താക്കിയിരുന്നു. വിഘടനവാദ പ്രവർത്തനങ്ങളിലും ഖാലിസ്ഥാൻ അനുകൂലികൾ കാനഡയിലെ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങളെ ആക്രമിക്കുന്നതിനെതിരെയും ദൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം വീണ്ടും രൂക്ഷമായി. തുടർന്ന് ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകളിൽനിന്ന് കാനഡ പിൻമാറുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തുന്നതിൽ ഒരു വിദേശ ഗവൺമെന്റിന്റെ ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തം നമ്മുടെ പരമാധികാരത്തിന്റെ അസ്വീകാര്യമായ ലംഘനമാണ്. ഇത് സ്വതന്ത്രവും തുറന്നതും ജനാധിപത്യപരവുമായ സമൂഹങ്ങൾ സ്വയം നടത്തുന്ന അടിസ്ഥാന നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ജസ്റ്റിൻ ട്രൂഡോ പാർലമെന്റിന്റെ അടിയന്തര സെഷനിൽ പറഞ്ഞു.
ഇന്ത്യൻ ഗവൺമെന്റ് കനേഡിയൻ പ്രധാനമന്ത്രിയുടെ ആരോപണങ്ങളെ പൂർണമായും തള്ളിക്കളഞ്ഞു.