ന്യൂഡല്‍ഹി: ഐടിആര്‍ 7 അനുസരിച്ചുള്ള ആദായ നികുതി റിട്ടേണും ഫോം 10B/10BB എന്നിവയിലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടും ഫയല്‍ ചെയ്യാനുള്ള തീയ്യതികള്‍ ദീര്‍ഘിപ്പിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അറിയിപ്പ്. ഓഡിറ്റ് റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി 2023 ഒക്ടോബര്‍ 31 വരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഐടിആര്‍ 7 പ്രകാരമുള്ള ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നവംബര്‍ 30 വരെയും സമയം ലഭിക്കും. നേരത്തെയുള്ള അറിയിപ്പ് അനുസരിച്ച് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യാന്‍ സെപ്റ്റംബര്‍ 30 വരെയും ഐടിആര്‍ 7 ഫയല്‍ ചെയ്യാന്‍ ഒക്ടോബര്‍ 31 വരെയും ആയിരുന്നു സമയം അനുവദിച്ചിരുന്നത്.
“2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ഫോം 10ബി/ഫോം 10ബിബി എന്നിവയിലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനുള്ള തീയ്യതി 2023 സെപ്റ്റംബര്‍ 30ല്‍ നിന്ന് 2023 ഒക്ടോബര്‍ 31ലേക്ക് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ദീര്‍ഘിപ്പിച്ചിരിക്കുന്നു” എന്നാണ് പുതിയ സര്‍ക്കുലറില്‍ വിവരിച്ചിരിക്കുന്നത്. “2023-24 അസസ്മെന്റ് വര്‍ഷത്തേക്കുള്ള ഐടിആര്‍ 7 ഫയല്‍ ചെയ്യാനുള്ള അവസാന തീയ്യതി 2023 ഒക്ടോബര്‍ 31 ആയിരുന്നത് 2023 നവംബര്‍ 30 ആക്കി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നും” ഇതേ സര്‍ക്കുലറില്‍ തന്നെ പറയുന്നു.
ആദായ നികുതി നിയമത്തിലെ 12എ.ബി വകുപ്പ് പ്രകാരം പ്രവര്‍ത്തിക്കുന്ന സന്നദ്ധ സ്ഥാപനങ്ങളും മത ട്രസ്റ്റുകളുമാണ് ഫോം 10ബി ഫയല്‍ ചെയ്യേണ്ടത്. ആദായ നികുതി നിയമത്തിലെ 10(23സി) വകുപ്പ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ – ആരോഗ്യ സ്ഥാപനങ്ങളാണ് ഫോം 10 ബി.ബി സമര്‍പ്പിക്കേണ്ടത്. അതേസമയം ആദായ നികുതി നിയമത്തിലെ 139 (4എ), 139 (4ബി), 139 (4സി), 139 (4ഡി) എന്നീ വകുപ്പുകള്‍ പ്രകാരം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട വ്യക്തികളും സ്ഥാപനങ്ങളുമാണ് ഐടിആര്‍ 7 ഫോം ഫയല്‍ ചെയ്യേണ്ടത്.
ശമ്പള വരുമാനക്കാര്‍ ഉള്‍പ്പെടെ രാജ്യത്തെ ബഹുഭൂരിപക്ഷം നികുതി ദായകരും ഫയല്‍ ചെയ്യുന്ന മറ്റ് ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവുമധികം ആദായ നികുതി റിട്ടേണാണ് ഇത്തവണ ഫയല്‍ ചെയ്യപ്പെട്ടത്. ആകെ 6.77 കോടി റിട്ടേണുകള്‍ അവസാന തീയ്യതിക്ക് മുമ്പ് ഫയല്‍ ചെയ്യപ്പെട്ടു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം കൂടുതലാണ്. ആകെ റിട്ടേണുകളില്‍ 53.67 ലക്ഷം റിട്ടേണുകള്‍ ആദ്യമായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടേതാണ്.
Last Updated Sep 19, 2023, 9:04 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]