ലോട്ടറിയടിക്കുന്ന ആളുകളെ നമ്മൾ സ്വതവേ വിശേഷിപ്പിക്കുന്നത് ഭാഗ്യവതികളെന്നും ഭാഗ്യവാന്മാരെന്നും മറ്റുമാണ്. അതിൽ പെട്ട ഒരാളാണ് യുഎസിലെ കൊളറാഡോയിൽ നിന്നുള്ള വാൾഡെമർ ബഡ് ടാഷ്.
സെപ്തംബർ 6 -ലെ ലോട്ടറിയിൽ താൻ കളിച്ച നമ്പറുകൾ തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്ന് ഒരിക്കലും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. 77-കാരനായ അദ്ദേഹം ഒരു യാത്രയിൽ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ലോട്ടറി ഫലം പരിശോധിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഫലം കണ്ട അദ്ദേഹം ഞെട്ടിത്തരിച്ചിരുന്നു പോയി.
$ 5,067,041 അതായത് ഏകദേശം 42 കോടി രൂപയാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. ഇതൊരിക്കലും സത്യമായിരിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഇത്രയും വലിയ ഭാഗ്യം തേടിയെത്തിയിട്ടും അത് ആഘോഷിക്കുന്നതിന് വേണ്ടി ഭാര്യയ്ക്കായി ഒരു തണ്ണിമത്തനും കുറച്ച് പൂക്കളും വാങ്ങിയാണ് അദ്ദേഹം വീട്ടിലേക്ക് പോയത്.
സ്ഥിരമായി താൻ ലോട്ടറി എടുക്കാറുണ്ട് എന്നും നമ്പർ തെരഞ്ഞെടുക്കുന്നതിന് തനിക്ക് ഒരു പ്രത്യേക രഹസ്യമുണ്ട് എന്നും ബഡ് പറയുന്നു. അതുപോലെ താനും ഭാര്യയും വളരെ ലളിതമായ ജീവിതം നയിക്കുന്നവരാണ്. കിട്ടുന്ന തുകയിൽ ഏറെയും ഭാര്യയുടെ സർജറിക്ക് വേണ്ടി ചെലവഴിക്കാനാണ് ആലോചിക്കുന്നത്. സർജറി കഴിഞ്ഞ് തിരികെ വന്നാലും അവളെ വീട്ടുജോലിയിലും മറ്റും സഹായിക്കാൻ തനിക്ക് കഴിയും എന്നും ബഡ് പറയുന്നു. അതുപോലെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും തുക നൽകും.
ബഡിന്റെ ഭാര്യ ബോണി ടാഷ് പറയുന്നത് ഭർത്താവ് പൂക്കളുമായി വരുന്നത് അത്ര സാധാരണമായിരുന്നില്ല. അതിനാൽ തന്നെ പൂക്കളുമായി വന്നപ്പോൾ ഒന്ന് അമ്പരന്നു, പിന്നെ സന്തോഷിച്ചു എന്നാണ്. ഏതായാലും ഭാര്യയുടെ സർജറിക്ക് വേണ്ടി തുക കണ്ടെത്താൻ ഇനി മറ്റൊരു പ്രയത്നം വേണ്ടല്ലോ എന്നതിൽ ഹാപ്പിയാണ് ഇപ്പോൾ ബഡ്.
Last Updated Sep 18, 2023, 6:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]