
ശ്രീനഗർ; ജമ്മു കശ്മീരിനെ ഞെട്ടിച്ച 14കാരിയുടെ കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്. അജ്ഞാതർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കൂടെയുണ്ടായിരുന്ന ചേച്ചി മൊഴി നൽകിയത്.
ഒടുവിൽ അതേ സഹോദരിയാണ് കൊലപാതകിയെന്ന് അറിഞ്ഞപ്പോൾ നാട്ടുകാർ അമ്പരന്നുപോയി. ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ സെഹ്പോറ ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് 14 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കൂടെയുണ്ടായിരുന്ന മൂത്ത സഹോദരി പറഞ്ഞത് അവളെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ചുവെന്നാണ്.
എന്നാൽ അന്വേഷണത്തിനിടെ ചേച്ചിയുടെ മൊഴിയിൽ പൊലീസ് പൊരുത്തക്കേടുകൾ കണ്ടെത്തി. വിശദമായി പരിശോധിക്കുന്നതിനായി ശ്രീനഗറിൽ നിന്ന് ഫോറൻസിക് വിദഗ്ധരെ കൊണ്ടുവന്നു.
പ്രദേശത്തെയാകെ ഞെട്ടിച്ച കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. തങ്ങളുടെ വയലിന്റെ ഒരു ഭാഗത്ത് എത്തിയപ്പോൾ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പെണ്‍കുട്ടി മൊഴി നൽകിയതെന്ന് ഗന്ദർബാൽ എസ്.എസ്.പി.
ഖലീൽ പോസ്വാൾ പറഞ്ഞു. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അങ്ങനെയാരെയും സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്താനായില്ല.
മരിച്ച പെൺകുട്ടിയുടെ കയ്യിൽ കണ്ടെത്തിയ മുടിയിഴകൾ പ്രധാന തെളിവായി. ഈ മുടി കുട്ടിയുടെ സഹോദരിയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.
തുടർന്ന് സഹോദരിയെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആദ്യമെല്ലാം പല കഥകൾ പറഞ്ഞ് പെണ്‍കുട്ടി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നോക്കി.
തുടർച്ചയായ ചോദ്യം ചെയ്യലിൽ താനും സഹോദരിയുമായി വഴക്കുണ്ടായെന്നും ഇരുവരും പരസ്പരം മർദിച്ചുവെന്നും ദേഷ്യം വന്നപ്പോൾ താൻ ഇളയ സഹോദരിയുടെ തലയ്ക്ക് വടി കൊണ്ട് അടിച്ചുവെന്നും ഒടുവിൽ പെണ്‍കുട്ടി സമ്മതിച്ചതായി എസ്.എസ്.പി പറഞ്ഞു. തലക്കടിയേറ്റതിനെ തുടർന്ന് പെൺകുട്ടി ആദ്യം അബോധാവസ്ഥയിലായിരുന്നു.
രക്ഷപ്പെട്ടാൽ കുടുംബത്തോട് എല്ലാം പറയുമോ എന്ന് ഭയന്ന മൂത്ത സഹോദരി വീണ്ടും വടി കൊണ്ട് അടിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും എഎസ്പി പറഞ്ഞു. കൃത്യം ചെയ്ത പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തി.
കൊലപാതകത്തിന് ശേഷം ബന്ധുവിന്റെ വീട്ടിൽ പോയി രക്തക്കറ പുരണ്ട വസ്ത്രങ്ങൾ പെണ്‍കുട്ടി മാറ്റിയിരുന്നു.
ആ വസ്ത്രങ്ങളും അടിക്കാൻ ഉപയോഗിച്ച വടിയും കണ്ടെടുത്തെന്ന് എഎസ്പി അറിയിച്ചു. തുടർന്ന് പെണ്‍കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]