ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന് നടി രഞ്ജിനി ട്വന്റി ഫോറിനോട്. പുറത്തു വിടുന്നതിന് മുമ്പ് താനുൾപ്പടെ മൊഴി നൽകിയ വ്യക്തികൾക്ക് അതിലെ ഉള്ളടക്കം അറിയണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു. തന്റെ ഹർജി കൂടി പരിഗണിച്ചതിന് ശേഷമേ റിപ്പോർട്ട് പുറത്തു വിടൂവെന്ന സർക്കാർ നിലപാട് സ്വാഗതാർഹമാണെന്നും രഞ്ജിനി പറഞ്ഞു.
ഇപ്പോൾ റിപ്പോർട്ട് പുറത്തു വിടാത്തതിൽ സർക്കാരിനോട് നന്ദി പറയുന്നു. എന്നാൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് താനായി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കോടതിയെ മാത്രമാണ് സമീപിച്ചത്. അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട്. നൽകിയ മൊഴിയിൽ എന്താണ് റിപ്പോർട്ടിൽ വന്നതെന്നറിയാനുള്ള അവകാശം തനിക്കുണ്ട്. റിപ്പോർട്ട് ലഭിക്കുകയെന്ന കാര്യം തൻ്റെ മൗലികവകാശമാണെന്നും രഞ്ജിനി പറഞ്ഞു.
ഡബ്ല്യുസിസിയും വനിതാ കമ്മീഷനും ഇതിൻ്റെ കോപ്പി ചോദിക്കുമെന്ന് കരുതി. എന്നാൽ ആരും അക്കാര്യം ആവശ്യപ്പെട്ടില്ല.അത് അറിഞ്ഞപ്പോഴാണ് താൻ കോടതിയെ സമീപിച്ചതെന്നും രഞ്ജിനി പറഞ്ഞു.
തന്നെ വിമർശിക്കുന്നവർ വിമർശിച്ചോട്ടെ. താൻ കോടതിയിലും നിയമ വ്യവസ്ഥയിലും പൂർണമായി വിശ്വസിക്കുന്നു. സിനിമ മേഖലയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കൊണ്ട് കാര്യമില്ല സിനിമയിലെ ഉന്നതർക്ക് കമ്മിറ്റിയെ സ്വാധീനിക്കാം. അങ്ങനെയാകുമ്പോൾ നീതി വീണ്ടും നിഷേധിക്കപ്പെടുമെന്നും രഞ്ജിനി പറഞ്ഞു.
ചലച്ചിത്ര മേഖലയിൽ സ്വതന്ത്ര ചുമതലയുള്ള ഒരു ട്രൈബ്യൂണലാണ് ആവശ്യം. കാര്യങ്ങൾ വിശ്വസിച്ച് പറയാവുന്ന ഒരു ട്രൈബ്യൂണൽ. അതീവ രഹസ്യത്തോടെ കാര്യങ്ങൾ സൂക്ഷിക്കുകയും പരിഹാരമുണ്ടാക്കാനും ട്രൈബ്യൂണലിന് കഴിയണം. റിപ്പോർട്ട് പുറത്തു വരുമ്പോൾ ഇത്തരത്തിലൊരു ട്രൈബ്യൂണലിനെപ്പറ്റി പരാമർശിച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : Actor Ranjini on Hema committee report
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]