

First Published Jul 18, 2024, 6:23 PM IST
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. സംസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് 2 പേർ മരിച്ചു. മഞ്ചേരിയിലെ പാറമടയിൽ കാണാതായ ഒഡീഷ സ്വദേശി ഡിസ്ക് മാന്റിഗയുടെ മൃതദേഹം രാവിലെ കണ്ടെത്തി. കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകനും മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദൻ ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം പുഴകളിൽ ജലനിരപ്പുയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കണ്ണൂരും വയനാടും കാസർകോടും റെഡ് അലർട്ട് തുടരുകയാണ്. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, വയനാട്, കാസർകോട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. കാസർകോട് ജില്ലയില്‍ കോളേജുകൾക്ക് അവധി ബാധകമല്ല.
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരിക്കുന്നത്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ അതീവ ജാഗ്രത വേണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യത കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
കനത്ത മഴയില്‍ കണ്ണൂരിൽ പുഴകൾ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. അതിർത്തിയിൽ കർണാടക വനത്തിൽ ഉരുൾപൊട്ടിയെന്നു സംശയമുണ്ട്. ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്ടിൽ ഉച്ചവരെ പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളും ഗ്രാമങ്ങളിലെ പല റോഡുകളും വെള്ളത്തിനടിയിലായി. ഉച്ചയ്ക്ക് ശേഷം മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. ജില്ലയിലെ 300 കുടുംബങ്ങളിലെ 1002 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. മഴ തകർത്ത് പെയ്ത വടക്കൻ കേരളത്തിൽ ഇന്ന് സ്കൂളുകൾക്ക് അവധി നൽകിയത് വയനാട്ടിൽ മാത്രമാണ്. റെഡ് അലർട്ടുള്ള കണ്ണൂരിൽ പോലും അവധി നൽകാഞ്ഞത് വ്യാപക വിമർശനത്തിന് ഇടയാക്കി.
മലപ്പുറത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. പയ്യനാട് ക്വാറി കുളത്തിൽ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം രാവിലെ കണ്ടെത്തി. ഒഡിഷ സ്വദേശി ദിഷക്ക് മാണ്ഡ്യകയാണ് മരിച്ചത്. എടവണ്ണയിൽ പത്തപ്പിരിയം സ്വദേശി കളരിക്കൽ ലക്ഷ്മിയുടെ വീട് മഴയിൽ തകർന്ന് വീണു. കൊണ്ടോട്ടി പെരുവള്ളൂർ കുന്നത്തുപറന്പിൽ മണ്ണിടിച്ചൽ ഭീഷണി നേരിടുന്ന അഞ്ച് വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. പോത്തുകല്ലിൽ മണ്ണിടിച്ചിൽ ഭീഷണിയിലായ ആദിവാസി കുടുംബങ്ങൾ പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലേക്ക് താമസം മാറ്റി കൂട്ടിലങ്ങാടി കാട്ടാമ്പുഴ റോഡിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. അത് വഴി കടന്നുപോകുകയായിരുന്ന യാത്രക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കേരള തമിഴ്നാട് അതിർത്തിയിൽ നാടുകാണി ചുരത്തിൽ റോഡിൽ വിള്ളൽ വീണു, അപായ സൂചന നൽകി, പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എടക്കര പുന്ന പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പുഴക്ക് കുറുകെയുള്ള മുപ്പിനി പാലം വെള്ളത്തിലായി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, വയനാട്, കാസർകോട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട് അങ്കണവാടികളും മദ്രസകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. അതേസമയം, സ്കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്കൂളുകള്‍ക്ക് അവധി നല്കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്നാണ് നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാം. ആവശ്യമായ ഘട്ടങ്ങളില്‍ ജില്ലാതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം, മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി.ആർ. വിനോദ് നാളെ (19.07.24 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ഇടുക്കിയിലെ ദേവികുളം താലൂക്കിലും ചിന്നക്കനാൽ പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി നാളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാപ്പ് റോഡിൽ മണ്ണിടിച്ചിൽ കാരണം യാത്രാ നിരോധനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. അങ്കണവാടികളും മദ്രസകളും നിർബന്ധമായും പ്രവർത്തിക്കാൻ പാടില്ലെന്നും കളക്ടർ നിര്‍ദ്ദേശിച്ചു.
Last Updated Jul 18, 2024, 8:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]