
മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ടി20 ടീമില്‍ മാത്രം ഇടം നേടിയതിന്റെ നിരാശയിലാണ് മലയാളികള്‍. എന്നാല്‍ സഞ്ജുവിന് ടി20 ടീമിലെങ്കിലും ഇടം കിട്ടിയെന്നതാണ് ഏറ്റവും പ്രധാനം. കാരണം സിംബാബ്വെ പര്യടനത്തില്‍ ആദ്യ രണ്ട് ടി20കളില്‍ ടീമിലില്ലാതിരുന്ന സഞ്ജുവിന് അവസാന മൂന്ന് ടി20 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ബാറ്റിംഗിന് അവസരം ലഭിച്ചത്. ഒരു മത്സരത്തില്‍ ഏഴ് പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവിന് പരമ്പരയിലെ നാലാം മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിച്ചില്ല. അവസാന മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി ടീമിന്റെ ടോപ് സ്കോററായി.
എന്നാല്‍ സിംബാബ്വെക്കെതിരെ തന്റെ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി വരവറിയിച്ച അഭിഷേക് ശര്‍മക്കോ, മധ്യനിരയില്‍ നാല് കളികളില്‍ 133 റണ്‍സടിച്ച് മികച്ച പ്രകടനം പുറത്തെടുത്ത റുതുരാജ് ഗെയ്ക്വാദിനോ ടീമിലിടം കിട്ടിയില്ലെന്നതാണ് ശ്രദ്ധേയം. സിംബാബ്വെക്കെതിരെ മികവ് കാട്ടാതിരുന്നിട്ടും റിയാന്‍ പരാഗിന് ഏകദിന, ടി20 ടീമുകളില്‍ അവസരം കിട്ടിയെന്നത് ശ്രദ്ധേയമായി.
ടി20 ടീമില്‍ സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ഉള്‍പ്പെടുത്തിയത്. റിഷഭ് പന്തായിരിക്കും ടി20 ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍. അതുകൊണ്ടുതന്നെ ടി20 ടീമിലെത്തിയെങ്കിലും സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെത്താനാവുമോ എന്ന കാര്യം സംശയമാണ്. സിംബാബ്വെയിലെ മികച്ച പ്രകടനത്തോടെ ശുഭ്മാന്‍ ഗില്‍ ടി20 ടീമിലെ സ്ഥാനം തിരിച്ചുപിടിച്ചതിനൊപ്പം ഹാര്‍ദ്ദിക്കില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ സ്ഥാനവും സ്വന്തമാക്കിയെന്നത് ശ്രദ്ധേയമാണ്.
ഏകദിനത്തിനും ടി20ക്കും വ്യത്യസ്ത ടീമുകളെന്ന ഗംഭീറിന്റെ ആശയം പൂര്‍ണമായും പ്രതിഫലിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ ആ രീതിയിലാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. യശസ്വി ജയ്സ്വാള്‍ സഞ്ജുവിനെപ്പോലെ ടി20 ടീമില്‍ മാത്രമാണ് ഇടം നേടിയത്. കെ എല്‍ രാഹുലിനെയാകട്ടെ ഏകദിന ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഗംഭീര്‍ മെന്ററായിരുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ നായകനായിരുന്നു രാഹുല്‍. ടി20 ക്രിക്കറ്റിലെ മെല്ലെപ്പോക്കിന്റെ പേരില്‍ രാഹുലിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന് പിന്നാലെ ബിസിസിഐ കരാര്‍ നഷ്ടമായെങ്കിലും ഗംഭീര്‍ കോച്ചായതോടെ ശ്രേയസ് അയ്യര്‍ വീണ്ടും ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തുന്നുവെന്നതും പ്രത്യേകതയാണ്. ഐപിഎല്ലില്‍ ഗംഭീറിന് കീഴില്‍ ശ്രേയസ് കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കിയിരുന്നു. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രവീന്ദ്ര ജഡേജയെ ഏകദിന ടീമിലേക്കും പരിഗണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അക്സര്‍ പട്ടേലിനെയാണ് സ്പിന്‍ ഓള് റൗണ്ടറായി പരിഗണിച്ചത്. സിംബാബ്വെക്കെതിരായ പരമ്പരയിലെ താരമായ വാഷിംഗ്ടണ്‍ സുന്ദറിനെ ഏകദിന, ടി20 ടീമുകളിലുള്‍പ്പെടുത്തി.
ലോകകപ്പില്‍ തിളങ്ങിയ അര്‍ഷ്ദീപ് സിംഗ് ഏകദിന, ടി20 ടീമുകളില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രവി ബിഷ്ണോയിക്ക് ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്താനായി. ശിവം ദുബെ ഏകദിന, ടി20 ടീമുകളിലെത്തിയെന്നതും ശ്രദ്ധേയമാണ്.
Last Updated Jul 18, 2024, 9:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]