
ഇന്ത്യൻ റബർ വ്യവസായത്തിലെ അതികായനെ സ്മരിച്ച് കെ.എം.ഫിലിപ് പുരസ്കാര വിതരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ∙ റബർ വ്യവസായ രംഗത്തെ പ്രവർത്തനമികവിന് ഓൾ ഇന്ത്യ റബർ ഇൻഡസ്ട്രീസ് അസോസിയേഷൻ ഏർപ്പെടുത്തിയ കെ.എം.ഫിലിപ് പുണെ ആസ്ഥാനമായ ഗർവാരെ ഫുൾഫ്ലെക്സ് ഗ്രൂപ്പ് ചെയർപഴ്സൻ ദിയ ഗർവാരെക്ക് ലഭിച്ചു. മികച്ച സ്ഥാപനങ്ങൾക്കുള്ള പുരസ്കാരം ഇന്ത്യൻ റബർ ഇൻസ്റ്റിറ്റ്യൂട്ടിനും (ഐആർഐ) ഇന്ത്യൻ റബർ മെറ്റീരിയൽസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനു (ഐആർഎംആർഐ)മാണ്. ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ചെയർമാനും എംആർഎഫ് വൈസ് ചെയർമാനുമായ അരുൺ മാമ്മൻ പുരസ്കാരം സമ്മാനിച്ചു. വാണിജ്യ മന്ത്രാലയം ഡപ്യൂട്ടി സെക്രട്ടറി രാജേഷ്കുമാർ വിശിഷ്ടാതിഥിയായിരുന്നു. സ്വർണമെഡലും 2.5 ലക്ഷം രൂപയും വീതമാണു സമ്മാനം. റബർ വ്യവസായികളെ ഏകോപിപ്പിക്കുന്നതിലും ഓൾ ഇന്ത്യ റബർ ഇൻഡസ്ട്രീസ് അസോസിയേഷൻ രൂപീകരിക്കുന്നതിനും നേതൃത്വം നൽകിയ അന്തരിച്ച കെ.എം.ഫിലിപ് ഇന്ത്യൻ റബർ വ്യവസായത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്.
അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് 1993 മുതലാണ് അസോസിയേഷൻ പുരസ്കാരം ഏർപ്പെടുത്തിയത്. റബർ വ്യവസായികളുടെ ശബ്ദമായിരുന്ന ‘റബർ ഇന്ത്യ’യുടെ സ്ഥാപക എഡിറ്റർ കൂടിയായിരുന്നു കെ.എം.ഫിലിപ്.ഇൻഡസ്ട്രിയൽ റബർ, മെഡിക്കൽ ഉൽപന്നങ്ങൾ, തെർമോ പ്ലാസ്റ്റിക് എന്നിവയുടെ നിർമാണരംഗത്ത് ആഗോളതലത്തിൽ ശ്രദ്ധേയരായ കമ്പനിയാണ് ഗർവാരെ ഫുൾഫ്ലെക്സ് ഗ്രൂപ്പ് . റബർ വ്യവസായ മേഖലയ്ക്കു വേണ്ട സാങ്കേതിക നിർദേശങ്ങളും പരിശീലനങ്ങളും നൽകുന്ന സ്ഥാപനമാണ് ഇന്ത്യൻ റബർ ഇൻസ്റ്റിറ്റ്യൂട്ട്. റബർ അധിഷ്ഠിത വ്യവസായ രംഗത്ത് ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ നിർണായക പങ്കുള്ള സംരംഭമാണ് ഇന്ത്യൻ റബർ മെറ്റീരിയൽസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്.കെ.എം.ഫിലിപ്പിന്റെ മകനും ഇന്ത്യ കോഫി ആൻഡ് ടീ ഡിസ്ട്രിബ്യൂട്ടിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ ഡോ. പീറ്റർ ഫിലിപ്, ഓൾ ഇന്ത്യ റബർ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ സിങ്, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു എന്നിവർ പ്രസംഗിച്ചു.