
ക്രെഡിറ്റ് സ്കോറുകളെ കുറിച്ചും മറ്റ് അനുബന്ധ വിഷയങ്ങളെ കുറിച്ചുമുള്ള പരാതികൾ ഉണ്ടോ? ഇവ വേഗത്തിൽ പരിഹരിക്കുന്നതിനായി ഉപഭോക്താക്കൾക്ക് ഇനി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിക്കാം. ക്രെഡിറ്റ് ബ്യൂറോകൾ എന്നറിയപ്പെടുന്ന ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളെ സെൻട്രൽ ബാങ്കിന്റെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീമിന് കീഴിൽ ഉൾപ്പെടുത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മുൻപ് അറിയിച്ചിരുന്നു.
ക്രെഡിറ്റ് ബ്യൂറോകൾക്കെതിരായ പരാതികൾ പരിഹരിക്കാൻ ഉപഭോക്താക്കൾക്ക് ചെലവ് രഹിത ബദൽ പരിഹാര സംവിധാനം നൽകും. നിലവിൽ ഇന്ത്യയിൽ നാല് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ഉണ്ട്. ഇക്വിഫാക്സ്, എക്സ്പീരിയൻ, ട്രാൻസ് യൂണിയൻ സിബിൽ, സിആർഐഎഫ് ഹൈമാർക്ക് എന്നിവയാണ് അവ.
ക്രെഡിറ്റ് സ്കോറുകൾ കുറയുന്നതിലും കൂടുന്നതിലുമെല്ലാം വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പരാതികൾ ഉയരാറുണ്ട്. ഈ പരാതികൾ തൃപ്തികരമായോ സമയോചിതമായോ പരിഹരിച്ചില്ലെങ്കിൽ, അവരുടെ സേവനങ്ങളിലെ കുറവുകൾ ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കെതിരെ പരാതികൾ ഫയൽ ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് ആർബിഐ വ്യക്തമാക്കുന്നു.
അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഫ്സി), 50 കോടി രൂപയോ അതിൽ കൂടുതലോ നിക്ഷേപമുള്ള ഷെഡ്യൂൾ ചെയ്യാത്ത പ്രൈമറി കോ-ഓപ്പറേറ്റീവ് ബാങ്കുകൾ എന്നിവയുൾപ്പെടെയുള്ള ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ അടക്കം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
ആഭ്യന്തര പരാതികൾ പരിഹരിക്കുന്നതിനായി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് അവരുടേതായ ഇന്റേണൽ ഓംബുഡ്സ്മാൻ ഉണ്ടായിരിക്കുമെന്നും ഈ കമ്പനികൾക്ക് നിലവിലുള്ള ഉപഭോക്തൃ പരിഹാര സംവിധാനത്തിന് മുകളിലായിരിക്കും ഇതെന്നും ആർബിഐ വ്യക്തമാക്കുന്നു
Last Updated Jun 18, 2024, 5:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]