
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസുകാരിയ്ക്ക് വേണ്ടി മൂഴികുളം പാലത്തിൽ വ്യാപക പരിശോധന. മൂഴികുളത്ത് എത്തുമ്പോൾ കുട്ടി ഉണ്ടായിരുന്നുവെന്നും തിരികെ പോവുമ്പോൾ അമ്മ മാത്രമായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. മൂഴികുളം വരെ കുഞ്ഞ് അമ്മയ്ക്കൊപ്പമുണ്ടായിരുന്നു. മൂഴികുളം ജംഗ്ഷനിലാണ് ബസ് ഇറങ്ങിയത്. സഞ്ചരിച്ച ബസിന്റെ കണ്ടക്ടറും ഇത് സ്ഥിരീകരിച്ചുവെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ മൂഴികുളം പാലത്തിനടുത്താണ് പരിശോധന. ഈ സ്ഥലത്ത് കുട്ടിയെ ഉപേക്ഷിച്ചുവെന്ന് അമ്മ പറഞ്ഞതായാണ് വിവരം. പൊലീസും ഫയർഫോഴ്സും ഉൾപ്പെടെയാണ് തെരച്ചിൽ നടത്തുന്നത്. കുട്ടിയുടെ അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന സാഹചര്യത്തിലാണ് അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യം ചെയ്തത്.
അതേസമയം, ഇവിടെ തന്നെ കുട്ടി ഉണ്ടെന്നാണ് ഡിവൈഎസ്പി പ്രതികരിച്ചത്. സംഭവത്തിൽ വ്യക്തത കൈവന്നിട്ടില്ലെന്നും പ്രതികരിക്കാനില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. അമ്മയ്ക്ക് മാനസികമായി പ്രശ്നമുണ്ടായിരുന്നതായി കുടുംബക്കാർ പറയുന്നു. അമ്മ കുട്ടിയെ അപകടത്തിലാക്കാനുള്ള സാധ്യതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. ഇക്കാര്യം തന്നെയാണ് കുട്ടിയുടെ അച്ഛനും പൊലീസിനോട് പറയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മ വ്യക്തമായി സംസാരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കുട്ടിയുമായി ഒരു യുവതി പോകുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അത് കുട്ടി തന്നെയാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കുടുംബപരമായി പ്രശ്നങ്ങൾ നിലവിലുള്ളതിനാൽ കുട്ടിയെ അച്ഛൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്. ഇരുവരേേയും തിരുവാങ്കുളം വരെ എത്തിച്ചത് ഓട്ടോയിലാണ്. ആലുവ വരെ കുട്ടിയുണ്ടായെന്നാണ് കണ്ടെത്തുന്നത്. വൈകുന്നേരത്തോടെയാണ് കുട്ടിയെ കാണാതായത്. കുഞ്ഞിനു വേണ്ടി നാട്ടുകാരും തെരച്ചിലുമായി രംഗത്തെത്തിയിട്ടുണ്ട്.
തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ ഒപ്പം യാത്ര ചെയ്ത മറ്റക്കുഴി സ്വദേശിയായ കുട്ടിയെയാണ് കാണാതായത്. കല്യാണി എന്നാണ് കുട്ടിയുടെ പേര്. കുട്ടി അങ്കനവാടിയിൽ പോയിരുന്നു. അതിന് ശേഷമാണ് അമ്മയ്ക്കൊപ്പം യാത്ര ചെയ്തത്. യാത്രക്കിടെ ബസ്സിൽ നിന്നാണ് കുട്ടിയെ കാണാതായെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. റെയിൽ വേ സ്റ്റേഷനുകളിലും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]