
ദില്ലി: ശരീര ഭാരം കുറച്ച് അമ്പരപ്പിക്കുന്ന മേക്കോവറിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ. ഒരു മാസത്തിനിടെ 10 കിലോഗ്രാം ഭാരമാണ് സർഫറാസ് ഖാൻ കുറച്ചത്. ഐപിഎൽ 2025 താരലേലത്തിൽ അവഗണിക്കപ്പെട്ടതും ശരീരഭാരത്തിന്റെ പേരിൽ ബോഡി ഷെയിമിംഗിന് ഇരയായതുമെല്ലാം താരത്തെ തന്റെ ക്രിക്കറ്റ് കരിയർ നിലനിർത്താനുള്ള ദൃഢനിശ്ചയത്തിലേയ്ക്ക് നയിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.
സർഫറാസ് ഖാന് പലപ്പോഴും ‘തടിയൻ’ എന്നും ശാരീരിക ക്ഷമതയില്ലാത്തവനെന്നുമെല്ലാമുള്ള പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഫിറ്റ്നസില്ലാത്ത താരമാണ് സർഫറാസ് എന്ന വിമർശനം ശക്തമായിരുന്നു. അതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ സർഫറാസ് യോഗ്യനല്ലെന്നായിരുന്നു പ്രധാന വിമർശനം. വിമർശനങ്ങൾക്ക് തൻറെ ബാറ്റ് കൊണ്ട് മറുപടി പറയാറുള്ള സർഫറാസ് ഇത്തവണ ഫിറ്റ്നസിലൂടെയാണ് വിമർശകരുടെ വായടപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലേക്ക് സർഫറാസ് ഖാനെ തിരഞ്ഞെടുത്തിട്ടുണ്ട്.
അതേസമയം, ഐപിഎൽ ലേലത്തിലെ അവഗണന സർഫറാസ് ഖാന് മാത്രമല്ല കുടുംബത്തിനും വലിയ നിരാശയാണ് സമ്മാനിച്ചത്. അന്ന് മുതൽ സർഫറാസിന്റെ പിതാവ് നൗഷാദ് ഖാൻ ഉൾപ്പെടെ ശരീരഭാരം കുറയ്ക്കാനുള്ള കഠിന പരിശ്രമമാണ് നടത്തിയത്. നൗഷാദ് ഖാൻ ഒരു മാസത്തിനുള്ളിൽ 12 കിലോയാണ് കുറച്ചിരിക്കുന്നത്. ആറ് ആഴ്ചയ്ക്കുള്ളിൽ സർഫറാസ് ഒമ്പത് കിലോഗ്രാം കുറച്ചെന്നും അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും നൗഷാദ് ഖാൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
‘മുംബൈയിലെ ജിമ്മിൽ ഞാനും കഠിനാധ്വാനം ചെയ്യുകയാണ്. ക്രിക്കറ്റ് അസോസിയേഷന്റെ ബി.കെ.സി. ഫെസിലിറ്റിയിൽ ആഴ്ചയിൽ ആറ് ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പരിശീലനം നടത്തും. ഞാൻ നടക്കാൻ പോകും, അവൻ (സർഫറാസ്) ക്ലബ്ബിൽ ഏകദേശം ഒരു മണിക്കൂർ ജോഗിംഗ് ചെയ്യും. തുടർന്ന് 30 മിനിറ്റ് നീന്തൽ സെഷനും ഉണ്ടാകും. എന്റെ ഇളയ മകൻ മോയിൻ ഖാൻ പോലും വളരെയധികം ഭാരം കുറച്ചിട്ടുണ്ട്.’ നൗഷാദ് ഖാൻ പറഞ്ഞു.
ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി സർഫറാസ് ഖാനും കുടുംബവും ഭക്ഷണക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിർത്തുകയും എണ്ണയുടെ ഉപയോഗം കുറക്കുകയും ചെയ്തെന്ന് നൗഷാദ് ഖാൻ പറഞ്ഞു. ദൈനംദിന ഭക്ഷണക്രമത്തിൽ കൂടുതൽ പോഷകസമൃദ്ധമായ വിഭവങ്ങൾ ചേർത്തു. അരിയാഹാരം കഴിക്കുന്നത് പൂർണമായും നിർത്തി. വേവിച്ച ചിക്കൻ, വേവിച്ച മുട്ട എന്നിവയും പച്ചക്കറികളും ഗ്രീൻ ടീയും കട്ടൻ കാപ്പിയുമൊക്കെയാണ് കഴിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഭാരം കുറച്ച് ഫിറ്റായ ശരീരഘടനയുമായി ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് സർഫറാസ് ഖാൻ. ജൂൺ 20 മുതൽ ഇംഗ്ലണ്ടിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ പോകുന്ന ഇന്ത്യൻ സീനിയർ ടീമിനൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാൽ സർഫറാസിന് വീണ്ടും സെലക്ടർമാരുടെ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞേക്കും. ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എ രണ്ട് ചതുർദിന മത്സരങ്ങൾ കളിക്കുന്നുണ്ട്. മെയ് 30 ന് കാന്റർബറിയിലാണ് മത്സരത്തിന് തുടക്കമാകുക. ജൂൺ 13 മുതൽ ബെക്കൻഹാമിൽ ഇന്ത്യൻ ടീം ഒരു ഇൻട്രാ-സ്ക്വാഡ് മത്സരവും കളിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]