
ഇ.ഡി അസി.ഡയറക്ടർക്കെതിരായ കൈക്കൂലി കേസ്: സൂക്ഷ്മതയോടെ മുന്നോട്ടു നീങ്ങി ഇ.ഡിയും വിജിലൻസും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കശുവണ്ടി വ്യവസായിയിൽനിന്നു കൈക്കൂലി വാങ്ങി േകസ് ഒതുക്കിത്തീർക്കുന്നു എന്ന് ഉയർന്ന ആരോപണത്തിനു പിന്നാലെ കൂടുതൽ പരാതികൾ. മൂന്നിലേറെ പരാതികൾ കൂടി ഇത്തരത്തിൽ ലഭിച്ചിട്ടുണ്ടെന്നും ഇവയുടെ നിജസ്ഥിതി പരിശോധിച്ചു വരികയാണെന്നുമാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന. അതിനിടെ, ഇ.ഡി കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടറെ കൈക്കൂലി കേസിൽ ഒന്നാം പ്രതിയാക്കിയതോടെ ഇ.ഡിയും വിജിലൻസും അങ്ങേയറ്റം സൂക്ഷ്മതയോടെയാണ് മുന്നോട്ടു നീങ്ങുന്നത്. വിജിലൻസിൽനിന്ന് ഇ.ഡി, കേസ് സംബന്ധമായ വിവരങ്ങൾ തേടിയിട്ടുണ്ടെന്നാണ് അറിവ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാവും ആഭ്യന്തര അന്വേഷണവും മറ്റും. വിഷയത്തിനു രാഷ്ട്രീയമാനം കൂടി കൈവന്നതോടെ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് വിജിലൻസ്.
കേസിൽ നിലവിൽ 3 േപരാണ് അറസ്റ്റിലായിരിക്കുന്നത്. കൊച്ചി ഓഫിസിലെ അസി.ഡയറക്ടർ ശേഖർ കുമാർ ഒന്നാം പ്രതിയാണെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റിലായവരുടെ മൊഴികളല്ലാതെ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാകും അടുത്ത നടപടിയിലേക്കു കടക്കുക എന്ന് വിജിലൻസ് വൃത്തങ്ങൾ പറയുന്നു. വിജിലൻസിന്റെ നീക്കങ്ങൾ ഇ.ഡിയും ശ്രദ്ധാപൂർവം വീക്ഷിക്കുന്നു. കാരണം, ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കൊടകര കള്ളപ്പണ കേസ് അടക്കം അന്വേഷിച്ച യൂണിറ്റിലെ അസി.ഡയറക്ടറാണ് ശേഖർ കുമാർ. അതുകൊണ്ടു തന്നെ തെളിവുകൾ കേസിൽ മുഖ്യമാണെന്ന് വിജിലൻസും ഒപ്പം ഇ.ഡിയും കരുതുന്നു. പഴുതടച്ചുള്ള അന്വേഷണമാണ് തങ്ങളുടെ ഭാഗത്തു നിന്നും നടക്കുന്നതെന്ന് വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കി. അറസ്റ്റിലായവർ അന്വേഷണത്തോടു സഹകരിക്കുന്നുണ്ടെന്ന് വിജിലൻസ് മധ്യമേഖല എസ്പി എസ്.ശശിധരൻ വ്യക്തമാക്കി. െമാഴികളെടുത്തു വരികയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള പരാതിക്കു പുറമെ വിജിലൻസിനു മുമ്പാകെ ഫോൺ മുഖേനെയും മറ്റും കൂടുതൽ പരാതികൾ എത്തിയിട്ടുണ്ടെന്നും സ്ഥിരീകരിച്ച അദ്ദേഹം, ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും വ്യക്തമാക്കി.
അതിനിടെ, അറസ്റ്റിലായ സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാരിയരുടെ വീട്ടിലും സ്ഥാപനത്തിലും വിജിലൻസ് നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ പിടികൂടിയെന്നാണു റിപ്പോർട്ടുകൾ. ഇ.ഡി സമൻസ് അയച്ച മുപ്പതോളം പേരുടെ വിവരങ്ങൾ പരിശോധനയിൽ കണ്ടെത്തിയെന്നാണ് അറിയുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളും ഇവിടെനിന്നു പിടിച്ചെടുത്തിട്ടുണ്ട്. വ്യവസായികൾ അടക്കം സമ്പന്നരായ ഒട്ടേറെ പേരുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നയാളാണ് രഞ്ജിത് വാരിയർ എന്നാണു വിവരം. കേസിൽ നേരത്തേ പിടിയിലായ തമ്മനം സ്വദേശി വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുരളി എന്ന മുകേഷ് ജയിൻ എന്നിവർക്കു പിന്നാലെ രഞ്ജിത്തും അറസ്റ്റിലായിരുന്നു. 10 ലക്ഷം രൂപയായിരുന്നു ഓരോ ഇടപാടിനും രഞ്ജിത് ഈടാക്കിയിരുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മറ്റുള്ള ഇടനിലക്കാർക്കും ഈ വിധത്തിലായിരുന്നു പ്രതിഫലം.
ചോദ്യം ചെയ്യലിനിടെ താൻ നൽകിയ ഫോൺ നമ്പറിലേക്ക് ഏജന്റായ വിൽസന്റെ ഫോൺ കോൾ ലഭിച്ചതോടെയാണ് ഇ.ഡി അന്വേഷണത്തിന്റെ മറവിൽ തട്ടിപ്പു നടക്കുന്നതായി സംശയിച്ച് വ്യവസായി അനീഷ് ബാബു സമീപിച്ചത്. ടാൻസാനിയ കേന്ദ്രീകരിച്ചുള്ള ബിസിനസിനെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ചുള്ള വിവരങ്ങളായിരുന്നു ഇ.ഡിക്ക് അറിയേണ്ടിയിരുന്നത്. ചോദ്യം ചെയ്യലിനിടെ ഇ.ഡി ഡപ്യൂട്ടി ഡയറക്ടർ വിനോദ് കുമാർ അപമാനിച്ചതായി അനീഷ് ബാബു ആരോപിച്ചു. ചോദ്യം ചെയ്യലിന് എത്തിയപ്പോൾ ഇ.ഡി ആസ്ഥാനത്തു വച്ച് മുകേഷ് ജയിനിെന കണ്ടതായി അനീഷ് ബാബുവിന്റെ ഭാര്യയും വീട്ടിൽ സമന്സുമായി എത്തിയവരുടെ കൂട്ടത്തിൽ ഇ.ഡി ഉദ്യോഗസ്ഥനെന്ന പേരിൽ ഇയാളും ഉണ്ടായിരുന്നതായി വ്യവസായിയുടെ മാതാവും വ്യക്തമാക്കിയിരുന്നു. ഇ.ഡി ഓഫീസിൽ വ്യവസായി നൽകിയ മാതാവിന്റെ നമ്പറിലേക്ക് വിൽസൺ വിളിച്ചു എന്നതും നിർണായകമാണ്.