
തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന ശേഷം ചികിത്സയിലായിരുന്ന സോഫ്റ്റ് വെയർ എൻജിനിയർ ആശുപത്രി വിട്ടു. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് എം.എസ്.നീതു വീട്ടിലെത്തിയത്. മുറിവിന്റെ വേദനയും ശാരീരിക ബുദ്ധിമുട്ടികളും കാരണം നീതു മാനസികമായും സമ്മർദ്ദത്തിലാണ്. തുടർചികിത്സയ്ക്ക് 30ലക്ഷത്തോളം രൂപ ചെലവായിട്ടും ഇവരുടെ ആരോഗ്യനില ഇപ്പോഴും പഴയ സ്ഥിതിയിലായിട്ടില്ല. മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
അതേസമയം ആരോപണ വിധേയരായ കഴക്കൂട്ടം കുളത്തൂർ കോസ്മെറ്റിക് ക്ലിനിക്ക് അധികൃതർക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിലാണ് നീതുവിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ക്ലിനിക്ക് അധികൃതർക്ക് വീഴ്ച പറ്റിയെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഡിഎംഒ) റിപ്പോർട്ട്. അതേസമയം, ജില്ലാ എത്തിക്സ് കമ്മിറ്റി നിയോഗിച്ച ഡോക്ടർമാരുടെ വിദഗ്ദ്ധസമിതി നൽകിയ റിപ്പോർട്ടിൽ ക്ലിനിക്ക് അധികൃതരെ സംരക്ഷിക്കുകയാണെന്ന് വിമർശനവും ഉയർന്നിട്ടുണ്ട്. റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് നീതുവിന്റെ കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. തുടർ നടപടികളുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]