
രാഷ്ട്രീയ പ്രത്യാരോപണങ്ങൾക്ക് ‘തീ’ പകർന്ന് നഗരഹൃദയത്തിലെ തീപിടിത്തം; കെട്ടിട നിർമാണത്തിൽ നടന്നത് വൻ നിയമലംഘനങ്ങൾ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ നഗരമധ്യത്തിലെ പുതിയ സ്റ്റാൻഡിലെ കെട്ടിടത്തിലുണ്ടായ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ശേഷം അർധരാത്രിയോടെ നിയന്ത്രണവിധേയമാക്കിയെങ്കിലും സംഭവം തിരികൊളുത്തുന്നത് രാഷ്ട്രീയ പ്രത്യാരോപണങ്ങൾക്ക്. തീപിടിത്തത്തിന്റെ കാരണവും മറ്റും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മേയർ പ്രഖ്യാപിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു കൂടി നടക്കാനിരിക്കുന്ന വേളയിൽ ആരോപണത്തീയുമായി പ്രതിപക്ഷ കക്ഷികളും രംഗത്തുണ്ട്.
വിദഗ്ധ പരിശോധന നടത്തിയാൽ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്നും സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിലെ എല്ലാ കെട്ടിടങ്ങളിലും ഫയൽ ഓഡിറ്റിങ് നടത്തുമെന്നും മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി. കോർപറേഷൻ സ്റ്റിയറിങ് കമ്മിറ്റി അടിയന്തരമായി ചേർന്ന് സംഭവം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നുമാണ് മേയർ പറഞ്ഞത്.
അതേസമയം, കെട്ടിടനിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയാണ് നഗരസഭയ്ക്കെതിരെ പ്രതിപക്ഷം രംഗത്തുവരുന്നത്. കെട്ടിടത്തിനു മുകളിലേക്കു കയറാൻ അഗ്നിരക്ഷാ സേനയ്ക്കു പ്രയാസം നേരിട്ടതാണ് തീ നിയന്ത്രണവിധേയമാക്കുന്നതു വൈകാനിടയാക്കിയതെന്നു കോർപറേഷൻ കൗൺസിൽ പ്രതിപക്ഷ നേതാവായ കോൺഗ്രസിലെ കെ.സി.ശോഭിതയും ഉപനേതാവ് കെ.മൊയ്തീൻ കോയയും വാർഡ് കൗൺസിലർ എസ്.കെ.അബൂബക്കറും ആരോപിച്ചു.
കെട്ടിടം പുതുക്കിപ്പണിയാൻ മുൻപ് തീരുമാനമെടുത്തെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ആ തീരുമാനം നടപ്പാക്കാനായില്ല. നഗരമധ്യത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ സമയമെടുത്തത് ഫയർഫോഴ്സ് സംവിധാനത്തിലെ പാകപ്പിഴകൾ പുറത്തുകൊണ്ടുവന്നതായി അവർ പറഞ്ഞു. മൂന്നു ഫയർ യൂണിറ്റുണ്ടായിരുന്ന ബീച്ചിലെ ഫയർ ഫോഴ്സ് ഓഫിസിൽ നിലവിൽ ഒരു യൂണിറ്റ് മാത്രമാണുള്ളത്. നഗരത്തിൽ തീപിടിത്തമുണ്ടാകുമ്പോൾ വെള്ളിമാടുകുന്നിൽനിന്ന് ഫയർ യൂണിറ്റ് എത്തേണ്ട അവസ്ഥയാണ്. ദുരന്തസാഹചര്യമുണ്ടായാൽ നഗരം നേരിടുന്ന ദുഃസ്ഥിതിയാണ് ഇതു വെളിവാക്കുന്നതെന്നും കെ.സി.ശോഭിത പറഞ്ഞു.
നഗരത്തിലെ തീപിടിത്തം കോർപറേഷൻ, ജില്ലാ അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് കുറ്റപ്പെടുത്തി. കെട്ടിടനിർമാണ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പല കെട്ടിടങ്ങളും നഗരത്തിൽ ഉയരുന്നത്. തീപിടിത്തം ഉണ്ടായ കോർപറേഷൻ കെട്ടിടവും തൊട്ടടുത്തുള്ള പല കെട്ടിടങ്ങളും നിയമം ലംഘിച്ച് ഒറ്റകെട്ടിടമാക്കി മാറ്റിയതായും പരാതികളുണ്ട്. തുണി മൊത്തകച്ചവട സ്ഥാപനങ്ങളുള്ള മാവൂർ റോഡിലെ കെട്ടിടം തൊട്ടടുത്ത കെട്ടിടങ്ങളുമായി കൂട്ടിചേർത്ത് നിയമലംഘനം നടത്തിയതായും പരാതി ഉയർന്നിട്ടുണ്ട്. അഗ്നിരക്ഷാ സംവിധാനങ്ങൾ പല കെട്ടിടങ്ങൾക്കും ഇല്ലാത്ത അവസ്ഥയാണ്. നഗരത്തിലെ കെട്ടിടനിർമാണ ലംഘനങ്ങൾ പരിശോധിക്കാൻ ജില്ലാ – കോർപറേഷൻ ഭരണകൂടങ്ങൾ നടപടി സ്വീകരിക്കണമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിനു തയാറാകണമെന്നും പി.രഘുനാഥ് ആവശ്യപ്പെട്ടു.
കോഴിക്കോട് നഗരത്തിൽ അഞ്ചു മണിക്കൂർ പരിശ്രമിച്ചിട്ടും തീയണയ്ക്കാൻ സാധിക്കാത്തത് അനുഭവത്തിൽനിന്ന് സർക്കാർ സംവിധാനങ്ങൾ പാഠങ്ങൾ പഠിക്കാത്തതുകൊണ്ടാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവും കുറ്റപ്പെടുത്തി. മിഠായിത്തെരുവ് തീപിടിത്തത്തിൽനിന്നും മെഡിക്കൽ കോളജിൽ അടുത്തിടെയുണ്ടായ തീപിടിത്തത്തിൽനിന്നും പാഠം പഠിക്കാത്ത സർക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു.