
തിരുവനന്തപുരം: കെസിഎ – എന്‍ എസ് കെ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തിനും ഇടുക്കിക്കും വിജയം. മലപ്പുറം ഏഴ് വിക്കറ്റിന് ആലപ്പുഴയെ തോല്‍പ്പിച്ചപ്പോള്‍ കാസര്‍കോഡിനെ 14 റണ്‍സിനാണ് ഇടുക്കി പരാജയപ്പെടുത്തിയത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ വിജെഡി നിയമപ്രകാരമായിരുന്നു ഇടുക്കിയുടെ വിജയം. മലപ്പുറത്തിന് എതിരെ ആദ്യം ബാറ്റ് ചെയ്ത ആലപ്പുഴയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് മാത്രമാണ് നേടാനായത്. 20 റണ്‍സെടുത്ത ഓപ്പണര്‍ ആകാശ് പിള്ളയും 21 റണ്‍സെടുത്ത അമല്‍ രമേശും മാത്രമാണ് ആലപ്പുഴയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.
12 പന്തുകളില്‍ 17 റണ്‍സെടുത്ത പ്രസൂണിന്റെ പ്രകടനമാണ് സ്കോര്‍ 112ല്‍ എത്തിച്ചത്. മലപ്പുറത്തിന് വേണ്ടി വി കെ ശ്രീരാഗ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫാസില്‍, മുഹമ്മദ് ഇഷാഖ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലപ്പുറം 21 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ ആനന്ദ് കൃഷ്ണനും കൃഷ്ണനാരായണും 26 റണ്‍സ് വീതം നേടിയപ്പോള്‍ വിഷ്ണു കെ 29 റണ്‍സ് നേടി. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രീരാഗാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാസര്‍ഗോഡിന് പി അന്‍ഫലിന്റെ തകര്‍പ്പന്‍ ഇന്നിങ്സാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. അന്‍ഫല്‍ 26 പന്തുകളില്‍ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 51 റണ്‍സ് നേടി. 32 പന്തുകളില്‍ നിന്ന് 45 റണ്‍സെടുത്ത മുഹമ്മദ് കൈഫും 31 റണ്‍സെടുത്ത ഇഷ്തിയാഖും മികച്ച പ്രകടനം കാഴ്ച വച്ചു. കാസര്‍ഗോഡ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. ഇടുക്കിയ്ക്ക് വേണ്ടി വിഷ്ണു വിശ്വം രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇടുക്കിയ്ക്ക് ജോബിന് ജോബി, ക്യാപ്റ്റന്‍ അഖില്‍ സ്കറിയ അജു പൌലോസ് എന്നിവരുടെ ഉജ്ജ്വല ഇന്നിങ്സുകളാണ് വിജയമൊരുക്കിയത്.
ജോബിന് 15 പന്തുകളില്‍നിന്ന് 35ഉം അഖില്‍ 35 പന്തുകളില്‍ നിന്ന് 46 റണ്‍സ് നേടി. അജു പൌലോസ് പുറത്താകാതെ 56 റണ്‍സ് നേടി. ഇടുക്കി 18 ഓവറുകളില്‍ നാല് വിക്കറ്റിന് 155 റണ്‍സെന്ന നിലയില്‍ നില്കുമ്പോഴാണ് മഴ കളി തുടക്കിയത്. തുടര്‍ന്ന് വിജെഡി നിയമപ്രകാരം ഇടുക്കിയെ വിജയികളായി നിശ്ചയിക്കുകകായിരുന്നു. 46 റണ്‍സെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അഖില്‍ സ്കറിയയാണ് കളിയിലെ താരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]