
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 10 വിക്കറ്റ് ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ഒരോവര്‍ ശേഷിക്കെ വിജയം കയ്യിലൊതുക്കി. സായ് സുദര്ശന് (61 പന്തില്‍ 108), ശുഭ്മാന്‍ ഗില്‍ (53 പന്തില്‍ 93) എന്നിവരുടെ ഇന്നിംഗ്സാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ ഗുജറാത്ത് പ്ലേ ഓഫിലെത്തി. ഡല്‍ഹിയുടെ തോല്‍വിയോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നിവരും പ്ലേ ഓഫ് ഉറപ്പിച്ചു. നേരത്തെ കെ എല്‍ രാഹുല്‍ (65 പന്തില്‍ പുറത്താവാതെ 112) നേടിയ സെഞ്ചുറിയാണ് ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിച്ചിരുന്നത്.
മറുപടി ബാറ്റിംഗില്‍ സായ് – ഗില്‍ സഖ്യം ഡല്‍ഹിക്ക് ഒരു ചാന്‍സ് പോലും കൊടുത്തില്ല. നാല് സിക്സും 12 ഫോറും ഉള്‍പ്പെടുന്നതാണ് സായിയുടെ ഇന്നിംഗ്സ്. ഗില്‍ ഏഴ് സിക്സും മൂന്ന് ഫോറും നേടി. ഡല്‍ഹിക്ക് വേണ്ടി രാഹുലിന് പുറമെ അഭിഷേക് പോറല്‍ (19 പന്തില്‍ 30), അക്സല്‍ പട്ടേല്‍ (16 പന്തില്‍ 25) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് പതിഞ്ഞ തുടക്കമായിരുന്നു. നാലാം ഓവറില്‍ തന്നെ ഫാഫ് ഡു പ്ലെസിസിന്റെ (5) വിക്കറ്റ് നഷ്ടമായി. അര്‍ഷദ് ഖാന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കിയാണ് ഫാഫ് മടങ്ങിയത്. അപ്പോള്‍ 16 റണ്‍സ് മാത്രമാണ് സ്കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.
പിന്നാലെ പോറല്‍ – രാഹുല്‍ സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് ഡല്‍ഹിയുടെ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. എന്നാല്‍ 12-ാം ഓവറില്‍ പോറല്‍ മടങ്ങി. തുടര്‍ന്നെത്തിയ അക്സറും ഭേദപ്പെട്ട സംഭാവന നല്കി. രാഹുലിനൊപ്പം 45 റണ്‍സ് ചേര്‍ക്കാന്‍ അക്സറിന് സാധിച്ചു. അക്സറിനെ പ്രസിദ്ധ് മടക്കിയെങ്കിലും ട്രിസ്റ്റണ്‍ സ്റ്റബ്സിനെ (10 പന്തില്‍ പുറത്താവാതെ 21) കൂട്ടുപിടിച്ച് രാഹുല്‍ ഡല്‍ഹിയെ 200ന് അടുത്തെത്തിച്ചു. നാല് സിക്സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്.
ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. കഗിസോ റബാദ ടീമില്‍ തിരിച്ചെത്തി. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. വിപ്രജ് നിഗം, മുസ്തഫിസുര്‍ റഹ്മാന് എന്നിവര്‍ ടീമിലെത്തി. മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പുറത്തായത്. സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]