
തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തില്‍ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി മന്ത്രി വി ശിവന്‍കുട്ടി. തൃശൂര്‍ കുന്നംകുളം എം.ജെ.ഡി സ്കൂളിലെ പ്രഥമാധ്യാപകന് പി.ജി ബിജുവിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷന് ആവശ്യവുമായി പോയപ്പോള്‍ സ്കൂളില്‍ നിന്നുണ്ടായ ദുരനുഭവം വിദ്യാര്‍ഥിയുടെ മാതാവ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി വി ശിവന്‍കുട്ടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് പരീക്ഷാ ഭവന് ജോയിന്റ് കമ്മിഷണറിനെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
25ന് സ്കൂളുകളില്‍ ശുചീകരണ ദിനം
തിരുവനന്തപുരം: മെയ് 25ന് സംസ്ഥാനത്തെ സ്കൂളുകളില്‍ ശുചീകരണ ദിനം ആചരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സംഘടനകളും പങ്കാളികള്‍ ആകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ജൂണ്‍ മൂന്നിന് രാവിലെ 9.30ന് എറണാകുളം ജില്ലയിലെ എളമക്കര ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രാദേശികാടിസ്ഥാനത്തില്‍ പ്രവേശനോത്സവം നടക്കും. സ്കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അത് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സമ്പൂര്‍ണ്ണ ശുചീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. സ്കൂള്‍ പരിസരം, ക്ലാസ് മുറികള്‍, ടോയ്ലറ്റ്, കുട്ടികള്‍ പെരുമാറുന്ന മറ്റു പൊതുവായ സ്ഥലങ്ങള്‍ എന്നിവയെല്ലാം വൃത്തിയാക്കേണ്ടതുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്. സ്കൂളുകളില്‍ തുടര്‍ച്ചയായി അടഞ്ഞു കിടക്കുന്നതു മൂലം ഇഴജന്തുക്കള്‍ കയറിയിരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത്തരം ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി അറിയിച്ചു.
Last Updated May 18, 2024, 7:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]