
ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപരോധ ഭീഷണി ഉയർത്തുന്ന അമേരിക്കക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ചബഹാർ തുറമുഖത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത അഫ്ഗാനിസ്ഥാന്റെയും മധ്യേഷ്യൻ രാജ്യങ്ങളുടെയും കണക്റ്റിവിറ്റി ഹബ് എന്ന നിലയിൽ അതിന്റെ സാധ്യതകൾ തിരിച്ചറിയുക എന്നതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ചബഹാർ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ദില്ലിയും ടെഹ്റാനും തമ്മിലുള്ള ദീർഘകാല കരാർ ഇടുങ്ങിയ ചിന്താഗതിയോടെ നോക്കിക്കാണരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഊർജ്ജ സമ്പന്നമായ ഇറാന്റെ തെക്കൻ തീരത്ത് സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ചബഹാർ തുറമുഖം ഇന്ത്യയും ഇറാനും ചേർന്ന് കണക്റ്റിവിറ്റിയും വ്യാപാര ബന്ധവും വർദ്ധിപ്പിക്കുന്നതിനായി വികസിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്, ചബഹാർ തുറമുഖ കരാറിൽ ഇന്ത്യ-ഇറാൻ കമ്പനികൾ തമ്മിൽ കരാർ ഒപ്പുവച്ചത്. ഇറാനുമായി ഉഭയകക്ഷി കരാറുണ്ടാക്കുന്ന രാജ്യത്തിന്മേൽ ഉപരോധം ഏർപ്പെടുത്താമെന്ന് ഇന്ത്യയുടെ പേര് പരാമർശിക്കാതെ അമേരിക്ക ഭീഷണി മുഴക്കുകയായിരുന്നു. ടെഹ്റാനുമായുള്ള വ്യാപാര കരാർ പരിഗണിക്കുന്ന “ആരും” ഉപരോധത്തിന്റെ അപകടസാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നായിരുന്നു അമേരിക്കയുടെ പ്രസ്താവന
എന്താണ് ചബഹാർ കരാർ?
വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇറാന്റെ തുറമുഖമാണ് ചബഹാർ. ഇതിന്റെ ഭാഗമായി ഇറാനുമായി 10 വർഷത്തെ കരാറിൽ ഇന്ത്യ ഒപ്പുവച്ചു. ഈ കരാർ പ്രകാരം ഇന്ത്യ ഇറാന് 250 മില്യൺ ഡോളർ വായ്പ നൽകും. ഒമാൻ ഉൾക്കടലിൽ നിർമിക്കുന്ന ഈ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായാണ് ഈ വായ്പ. ഈ തുറമുഖത്തിന്റെ കാര്യത്തിൽ നേരത്തെയും ഇന്ത്യ ഇറാനുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.
നിലവിൽ അഫ്ഗാനിസ്ഥാനിലേക്ക് സാധനങ്ങൾ അയക്കാൻ പോലും ഇന്ത്യ പാകിസ്ഥാൻ വഴിയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ത്യയും ഇറാനും തമ്മിൽ ചബഹാർ സംബന്ധിച്ച് ധാരണയായതിനാൽ, അഫ്ഗാനിസ്ഥാനിൽ നിന്നും മധ്യേഷ്യയിൽ നിന്നും ഇന്ത്യക്ക് ചരക്ക് കടത്തിന് പുതിയ വഴി ലഭിക്കും. നയതന്ത്ര കാഴ്ചപ്പാടിൽ ഇന്ത്യയ്ക്കും ഈ തുറമുഖം പ്രധാനമാണ്.
Last Updated May 18, 2024, 6:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]