
‘ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമയെ അറിയാം; ലഹരി എത്തിക്കുന്നത് സിനിമയിലെ അസിസ്റ്റന്റുമാർ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്നും ലഹരിമരുന്ന് എത്തിക്കുന്നത് സിനിമയിലെ അസിസ്റ്റന്റുമാരെന്നും മൊഴി. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നും കൂത്താട്ടുകുളത്തെ ലഹരിവിമുക്തികേന്ദ്രത്തിൽ കഴിഞ്ഞിട്ടുണ്ടെന്നും അവിടെനിന്ന് ഇറങ്ങിപ്പോന്നെന്നും സമ്മതിച്ചു. ഇന്ന് പൊലീസ്, ഡാൻസാഫ് സംഘം നടത്തിയ മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. ലഹരി പരിശോധനയ്ക്ക് എത്തിയ ഡാൻസാഫ് സംഘത്തെ കണ്ട് ഹോട്ടലിൽനിന്ന് ഓടിയത് എന്തിനാണെന്ന് അറിയാനാണു പൊലീസ് നടനെ വിളിപ്പിച്ചതെന്നായിരുന്നു ആദ്യമുള്ള വിവരം. പക്ഷേ അറസ്റ്റ് വിവരം പുറത്തുവന്നപ്പോഴാണ് പൊലീസ് തികഞ്ഞ മുന്നൊരുക്കത്തോടെയാണ് നീങ്ങിയതെന്നു വ്യക്തമായത്.
ഹോട്ടലിൽനിന്നു ചാടി ഓടിയതിന്റെ കാരണമടക്കം 32 ചോദ്യങ്ങളും ഉപചോദ്യങ്ങളുമുള്ള ചോദ്യാവലിയുമായാണ് പൊലീസ് സംഘം ഷൈനിനെ ചോദ്യം ചെയ്യാനാരംഭിച്ചത്. ഡാൻസാഫുകാരെ കണ്ട് ഗുണ്ടകളാണെന്നു ഭയന്നെന്നും ആക്രമിക്കുമോ എന്നു പേടിച്ചാണ് താഴേക്ക് ചാടി രക്ഷപെട്ടതെന്നുമാണ് ഷൈൻ ആദ്യം പറഞ്ഞത്. എന്താണു ഗുണ്ടകളുമായുള്ള പ്രശ്നമെന്ന ചോദ്യത്തിന്, തനിക്ക് ഒട്ടേറെ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും അതിന്റെ ഭാഗമാണ് ഇതെന്നുമാണ് ഷൈൻ പറഞ്ഞത്. പിന്നീടാണ് ലഹരിമരുന്നിനെപ്പറ്റി ചോദ്യങ്ങൾ തുടങ്ങിയത്.
ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധമില്ലെന്നായിരുന്നു ഷൈൻ ആദ്യം പറഞ്ഞത്. പൊലീസ് ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ, അറസ്റ്റിലായ ലഹരിയിടപാടുകാരുടെ മൊഴികൾ, സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ തുടങ്ങിയവ നിരത്തിയതോടെ കാര്യങ്ങൾ ഷൈനിന്റെ കൈവിട്ടു. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു ലഹരി ഇടപാടുകാരനായ സജീറുമായുള്ള ബന്ധം. സജീറിനെ തനിക്ക് അറിയാമെന്നു പറഞ്ഞതല്ലാതെ മറ്റൊന്നും ഷൈൻ തുടക്കത്തിൽ പറഞ്ഞിരുന്നില്ല. എന്നാൽ ഹോട്ടലിൽനിന്ന് ഓടിയ ദിവസം ഷൈൻ സജീറിന് 20000 രൂപ ഗൂഗിൾ പേ വഴി അയച്ചുകൊടുത്തതിന്റെ തെളിവ് പൊലീസ് കാട്ടിക്കൊടുത്തു. ലഹരിപാർട്ടികൾ നടന്നു എന്ന് ഡാൻസാഫിന് ബോധ്യമുള്ള സ്ഥലങ്ങളിലൊക്കെ ഷൈനിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതിന്റെ തെളിവും മുന്നിൽവച്ചതോടെ ഷൈൻ പതറി. തെളിവുകളുടെ എണ്ണം കൂടിയതോടെ ഷൈനിന്റെ മൊഴികളിലെ വൈരുധ്യവും കൂടി.
ഒടുവിൽ, താൻ രാസലഹരികൾ ഉപയോഗിച്ചിരുന്നെന്നും കഴിഞ്ഞ വർഷം കൂത്താട്ടുകുളത്തെ ലഹരി വിമോചന കേന്ദ്രത്തിൽ 12 ദിവസം കഴിഞ്ഞിരുന്നെന്നും ഷൈൻ വെളിപ്പെടുത്തി. രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവുമാണ് ഉപയോഗിച്ചിരുന്നത്. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ തസ്ലിമയെ അറിയാമെന്നും അവരുമായി ഇടപാടുകളുണ്ടായിരുന്നെന്നും ഷൈൻ സമ്മതിച്ചതായും വിവരമുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് ഷൈനിന്റെ മൊഴി. ഇതോടെയാണ് പൊലീസ് വൈദ്യ പരിശോധന നടത്താൻ തീരുമാനിച്ചത്. മുടി, നഖം, മൂത്രം തുടങ്ങിയവയുടെ സാംപിൾ എറണാകുളം ജനറൽ ആശുപത്രിയിൽ വച്ച് ശേഖരിച്ചിട്ടുണ്ട്. രാസലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 4 ദിവസം മുതൽ 7 ദിവസം വരെ ഇതിന്റെ അംശം കണ്ടെത്താം.