
അറസ്റ്റില്ലെന്നു ഷൈൻ കരുതി, കുടുക്കിയത് സജീറുമായുള്ള ബന്ധം; കൊക്കെയ്ൻ കേസ് പാഠമായി, കരുതലോടെ പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ലഹരിമരുന്നു കേസിൽ നടൻ അറസ്റ്റിലായത് അപ്രതീക്ഷിതമായി. അതിലേക്ക് നയിച്ചതാകട്ടെ, ഇടപാടുകാരനായ സജീറിനു വേണ്ടി ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക്സ് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ്) സംഘം വിരിച്ച വലയും. കുറച്ചുനാളായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു സജീർ. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ വകുപ്പ് 27 (ലഹരി ഉപയോഗം), 29 (1) (ഗൂഢാലോചന), ഭാരതീയ നിയമസംഹിതയിലെ (ബിഎൻഎസ്) വകുപ്പ് 238 (തെളിവു നശിപ്പിക്കൽ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഷൈനിന്റെ അറസ്റ്റ്. തുടരന്വേഷണത്തിൽ ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും.
ബുധനാഴ്ച രാത്രി പത്തേ മുക്കാലോടെ ഡാൻസാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ കലൂരിലെ ഹോട്ടലിന്റെ മൂന്നാം നിലയിലെ ജനാല വഴി ഷൈൻ ടോം ചാക്കോ താഴേക്കു ചാടി രക്ഷപ്പെട്ടെന്ന വാർത്ത പിറ്റേന്നാണ് പുറത്തെത്തുന്നത്. ഡാൻസാഫ് സംഘം മുറിയിലെത്തി മുട്ടിവിളിച്ചപ്പോഴായിരുന്നു ഷൈനിന്റെ രക്ഷപ്പെടൽ. എന്തിനാണ് ഷൈൻ താഴേക്ക് ചാടിയതെന്നോ അതിനു ശേഷം എന്തിനാണ് പൊള്ളാച്ചി വരെ യാത്ര ചെയ്തതെന്നോ ഉള്ളതിന് ഉത്തരമൊന്നും ലഭിച്ചില്ല. അതിനിടെയാണ്, ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് ഷൈനിന്റെ വീട്ടിലെത്തി നോട്ടിസ് നൽകിയതും ഇന്ന് രാവിലെ ഷൈൻ ഹാജരായതും. അഭിഭാഷകരുടെ ഉപദേശമനുസരിച്ചാണ് ഷൈൻ ഹാജരാകാൻ തീരുമാനിച്ചത്. കയ്യിൽ നിന്നോ ഹോട്ടല്‍ മുറിയിൽ നിന്നോ ലഹരിമരുന്ന് പിടികൂടിയിട്ടില്ലാത്ത സാഹചര്യത്തിൽ കേസോ അറസ്റ്റോ ഉണ്ടാകില്ലെന്നായിരുന്നു ഷൈനിന്റെ കണക്കുകൂട്ടൽ. എന്നാൽ പൊലീസ് കുറച്ചു കൂടി വലിയ പദ്ധതികളാണ് ഒരുക്കിയിരുന്നത്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസമായി ഡാൻസാഫ് സംഘം സജീറിനു പിന്നാലെയുണ്ട്. ഇയാൾ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടവർ ലൊക്കേഷനനുസരിച്ച് ഡാൻസാഫ് സംഘം എത്തിയത് ഷൈൻ താമസിച്ചിരുന്ന കലൂരിലെ ഹോട്ടലിലാണ്. എന്നാൽ സജീർ ഇവിടെ ഉണ്ടായിരുന്നില്ല. റജിസ്റ്റർ പരിശോധിച്ചപ്പോഴാണ് ഷൈൻ അവിടെ താമസിക്കുന്നതായി ഡാൻസാഫ് സംഘം അറിയുന്നത്. കുറെക്കാലമായി ഡാൻസാഫിന്റെ നിരീക്ഷണത്തിലുള്ള ആളാണ് ഷൈൻ. സജീറിന്റെ ലൊക്കേഷനും ഷൈൻ അവിടെ താമസിക്കുന്നതും കൂട്ടിവായിച്ചപ്പോഴാണ് ഡാൻസാഫ് സംഘം ഷൈനിന്റെ മുറിയിലെത്തിയതും ഷൈൻ ജനാല വഴി ചാടി രക്ഷപ്പെട്ടതും.
ഷൈൻ മുൻപ് അറസ്റ്റിലായ കൊക്കെയ്ൻ കേസിൽ നടനെ വിചാരണക്കോടതി വെറുതേവിട്ടിരുന്നു. പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചകൾ എടുത്തുപറഞ്ഞായിരുന്നു കോടതിയുടെ നടപടി. അതുകൊണ്ടുതന്നെ ഇത്തവണ പൊലീസിന്റെ നീക്കം കരുതലോടെയായിരുന്നു. കേസ് അന്വേഷിക്കുന്ന സെന്‍ട്രൽ എസിപി സി.ജയകുമാറിനു പുറമെ സൗത്ത് എസിപി പി.രാജ്കുമാർ, നർകോട്ടിക് സെൽ എസിപി കെ.എ.അബ്ദുൽ സലാം എന്നിവരും ചോദ്യം ചെയ്യലിന് എത്തിയതോടെ, പൊലീസ് ശ്രദ്ധയോടെയാണ് നീങ്ങുന്നതെന്നു വ്യക്തമായിരുന്നു.