
ഹൈദരാബാദ്: മാസ് ചിത്രങ്ങളുമായി കരിയറിലെ മറ്റൊരു ഘട്ടത്തിലാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ. അദ്ദേഹത്തിന്റെ അവസാന ചിത്രമായ ഡാക്കു മഹാരാജ് തീയറ്ററില്‍ മികച്ച വിജയത്തിന് ശേഷം ഒടിടിയില്‍ ഓളം ഉണ്ടാക്കിയിരുന്നു. ബാലയ്യ തന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ ബോയപട്ടി ശ്രീനുവിനൊപ്പം നാലാം ചിത്രം ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍. സൂപ്പർ ഹിറ്റ് ചിത്രം അഖണ്ഡയുടെ തുടർച്ചയായ അഖണ്ഡ 2 ആണ് ഈ ചിത്രം.
പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശത്തിനായി വലിയ മത്സരമാണ് നടക്കുന്നത്. നെറ്റ്ഫ്ലിക്സും ആമസോണ്‍ പ്രൈം വീഡിയോയും ഒരു പോലെ ബാലയ്യ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശത്തിനായി രംഗത്തുണ്ടെന്നാണ് ഒടിടി പ്ലേയുടെ റിപ്പോര്‍ട്ട് പറയുന്നത്.
അതേ സമയം ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ 14 റീൽസ് പ്ലസ് എന്ന പ്രൊഡക്ഷൻ ഹൗസ് ഒടിടി അവകാശം നല്‍കുന്നതിനായി ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകളെ ഞെട്ടിച്ചെന്നാണ് വിവരം. നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം വീഡിയോയും ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി രംഗത്തുണ്ടെങ്കിലും അവര്‍ പറയുന്ന വില പോരെന്നാണ് പ്രൊഡക്ഷന്‍ ഹൗസ് പറയുന്നത്. ഒടിടി അവകാശങ്ങൾക്ക് ഏകദേശം 100 കോടി രൂപ വില വേണം എന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.
മുന്‍പ് തീയറ്ററില്‍ മാത്രമാണ് ബാലയ്യ പടങ്ങള്‍ തരംഗം സൃഷ്ടിച്ചതെങ്കില്‍ 2021ന് ശേഷം ഒടിടിയില്‍ ബാലയ്യ പടങ്ങള്‍ വന്‍ തരംഗം ഉണ്ടാക്കുന്നുണ്ട്. ആഹാ എന്ന ഒടിടി പ്ലാറ്റ്ഫോമിലെ അണ്‍സ്റ്റോപ്പബിള്‍ ബാലയ്യ എന്ന പരിപാടിയും ഇതില്‍ വലിയ പങ്കുവഹിച്ചെന്നാണ് റിപ്പോര്‍ട്ട്. ബാലയ്യയുടെ അവസാന ചിത്രം ഡാക്കു മഹാരാജ് നെറ്റ്ഫ്ലിക്സില്‍ 200 മില്ല്യണ്‍ സ്ട്രീംഗ് മിനുട്ട് ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം അഖണ്ഡ 2 സിനിമയില്‍ ബാലയ്യ ഡബിള്‍ റോളിലാണ് എത്തുന്നത് എന്നാണ് വിവരം. പ്രഗ്യാ ജെയ്സ്വാള്‍ ചിത്രത്തിലെ നായികയായി എത്തും. ബോയപട്ടി ശ്രീനുവും ബാലയ്യയും ഒന്നിച്ച സിംഹ, ലെജന്റ്, അഖണ്ഡ എന്നീ ചിത്രങ്ങള്‍ എല്ലാം വന്‍ വിജയങ്ങളായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]