
‘പൊലീസ് വന്നു തുറക്കട്ടെ’: പെട്രോൾ പമ്പുകളിലെ ശുചിമുറിപ്പൂട്ട് തകർത്തു, ജയിക്കാനായി ജനിച്ച പോരാളി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2024 മേയ് 8. ഒരു ദീർഘദൂര യാത്രയിലായിരുന്നു പത്തനംതിട്ട ഏഴംകുളം സ്വദേശിനിയും അധ്യാപികയുമായ സി.എൽ.ജയകുമാരി. കാസർകോട്ടുനിന്നു പത്തനംതിട്ടയിലെ അടൂരിലേക്ക് കുടുംബത്തോടൊപ്പമുള്ള യാത്ര. എന്നാൽ കോഴിക്കോട്ടു വച്ച് ആ യാത്രയുടെ സ്വഭാവം മാറി. നീതിക്കു വേണ്ടി നിയമത്തെ കൂട്ടുപിടിച്ചുള്ള അസാധാരണ യാത്രയുടെ തുടക്കമായി അത്. അതിനു കാരണമായതാകട്ടെ കോഴിക്കോട്ടെ ഒരു പെട്രോൾ പമ്പും അവിടുത്തെ ശുചിമുറിയും. യാത്രയ്ക്കിടെ പയ്യോളിയിൽ വച്ച് ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പിൽ കയറിയതായിരുന്നു ജയകുമാരിയും കുടുംബവും. ഈ സമയം ശുചിമുറി ഉപയോഗിക്കേണ്ട ആവശ്യമുണ്ടായി. എന്നാൽ അതു പൂട്ടിക്കിടക്കുകയായിരുന്നു. താക്കോൽ ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തന്റെ നിസ്സഹായാവസ്ഥ ജയകുമാരി വിവരിച്ചു. പക്ഷേ ശുചിമുറിയുടെ താക്കോൽ മാനേജർ കൊണ്ടുപോയെന്നു പറഞ്ഞു ജീവനക്കാർ കയ്യൊഴിഞ്ഞു.
പിടിച്ചുനിൽക്കാൻ പറ്റില്ലെന്നായപ്പോൾ പമ്പിൽ കണ്ട ഉടമയുടെ നമ്പരിൽ വിളിച്ചു. പ്രതികരണമുണ്ടായില്ല. പിന്നീട് മാനേജരുടെ നമ്പരിലും അവിടെ കണ്ട മറ്റു നമ്പരുകളിലും വിളിച്ചു. ആരിൽനിന്നും പ്രതികരണമുണ്ടായില്ല, തിരിച്ചും വിളിച്ചില്ല. എന്നാൽ ജയകുമാരി തളർന്നില്ല. പൊലീസിന്റെ എമർജൻസി നമ്പറിൽത്തന്നെ വിളിച്ച് തന്റെ അവസ്ഥ വിവരിച്ചു. പമ്പിലേക്കു പയ്യോളി പൊലീസ് വരുമെന്നും അതുവരെ അവിടെത്തന്നെ നിൽക്കണമെന്നുമായിരുന്നു അറിയിപ്പ്. പൊലീസെത്തിയിട്ടും ശുചിമുറി തുറന്നില്ല. ഇതോടെ പൊലീസ് ബലമായി ശുചിമുറി തുറന്നു. കേസ് റജിസ്റ്റർ ചെയ്യണമെന്ന് പയ്യോളി പൊലീസ് ആവശ്യപ്പെട്ടു. പിന്നാലെ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലേക്ക് കാര്യങ്ങളെത്തി.
നേരിട്ടത് അവഹേളനം
പെട്രോൾ പമ്പിൽനിന്ന് നേരിട്ട അവഹേളനവും പരിഹാസവുമാണ് കേസ് കൊടുക്കാൻ കാരണമെന്നു ജിപിഎം യുപിഎസ് ഭൂതങ്കര സ്കൂളിലെ ഹെഡ്മിസ്ട്രസ് കൂടിയായ ജയകുമാരി പറഞ്ഞു. ശുചിമുറി തുറക്കാനായി അവിടെക്കണ്ട നമ്പരിൽ വിളിച്ചപ്പോൾ ജീവനക്കാർ പരിഹസിച്ചു. പൊലീസ് വന്നു തുറക്കട്ടെ, അവർ എല്ലാ കാര്യവും നടത്തിത്തരട്ടെ എന്നായിരുന്നു അവരുടെ പ്രതികരണമെന്ന് ഇവർ ഓർമിക്കുന്നു. ‘‘പരിഹാസം, നിസ്സഹായത, പരിചയക്കാർ ആരുമില്ല, ആരോടു പറയണമെന്ന് അറിയില്ല.
അപ്പോൾ അടുത്ത വഴി പൊലീസിനെ വിളിക്കുകയെന്നതാണ്. അതിനു ശേഷമെങ്കിലും അവരിൽ ആരെങ്കിലും സോറി പറഞ്ഞാൽ ഇത് അവിടെ തീരുമായിരുന്നു. പിന്നീട് കോടതിയിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ പോലും പമ്പുമായി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഒത്തുതീർപ്പിന് ശ്രമമുണ്ടായിട്ടില്ല. അതോടെ കേസ് തുടരട്ടെ എന്നുതന്നെ രണ്ടുകൂട്ടരും തീരുമാനിച്ചു. കോഴിക്കോടുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ്. കോഴിക്കോട്ടുകാർ നല്ല ആതിഥ്യമര്യാദയുള്ളവരാണ്, സ്നേഹസമ്പന്നരാണെന്നാണ് കേട്ടിട്ടുള്ളത്. ആ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഇത്രയും അനുഭവങ്ങൾക്കും ശേഷവും വടക്കൻ ജില്ലക്കാരെക്കുറിച്ചുള്ള എന്റെ ധാരണ മാറിയിട്ടില്ല’’– ടീച്ചർ പറയുന്നു.
കോടതി പുതിയ അനുഭവം
ആദ്യമായിട്ടാണ് കോടതിയിൽ പോവുന്നത്. കൺസ്യൂമർ കോടതികൾ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചു ധാരണയുണ്ടായിരുന്നില്ല. മകനാണ് പരാതിയെല്ലാം ഡ്രാഫ്റ്റ് ചെയ്തത്. പരാതി കൊടുത്തപ്പോൾത്തന്നെ ഓരോ ഘട്ടത്തെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കി. ഓരോ പ്രാവശ്യവും, അടുത്തപ്രാവശ്യം എന്താണ് വേണ്ടതെന്നതിൽ വ്യക്തത വരുത്തിയിരുന്നു. നമുക്ക് വാശിയൊന്നുമില്ല. ഒന്നും ജയിച്ച് കീഴടക്കണമെന്നുമില്ല. എന്നാൽ 1,50,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായ 15,000 രൂപയും ചേർത്ത് 1,65,000 രൂപ എതിർകക്ഷി നൽകണമെന്നായിരുന്നു കോടതി വിധി.
അവരുടെ വാശിയാണ് ഇവിടം വരെ കാര്യങ്ങളെത്തിച്ചത്. ഞാൻ തന്നെയാണ് വാദിച്ചത്. പത്തുപന്ത്രണ്ടു പ്രാവശ്യം കോടതിയിൽ പോവേണ്ടിവന്നു. പമ്പ് ഉടമയെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. ശുചിമുറിയുടെ താക്കോൽ പൂട്ടി മാനേജർ കൊണ്ടുപോയെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്. ശുചിമുറി പൂട്ടി താക്കോൽ മേശയ്ക്കകത്തിട്ട് ആ താക്കോലുമായി മാനേജർ പോയെന്നാണ് പിന്നീട് അവർ കോടതിയിൽ പറഞ്ഞത്. വിസ്താരം നടന്ന ദിവസം ഞാൻ അദ്ദേഹത്തോട് ഇതു സംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ചു. സെപ്റ്റിക് ടാങ്ക് നിറഞ്ഞുകിടന്നതിനാലാണ് ശുചിമുറി തുറന്ന് കൊടുക്കാതിരുന്നതെന്നായിരുന്നു മറുപടി.
പണ്ടേ പോരാളി
സ്കൂളിൽ പഠക്കുന്ന സമയത്ത്, സ്വകാര്യ ബസുകളിൽ കൺസഷൻ കിട്ടില്ല. അന്ന് ഒരു രൂപയോ രണ്ടു രൂപയോ കൊടുത്താൽ മതി. വിദ്യാർഥികളെ കാണുമ്പോൾ ബസ് നിർത്താതിരിക്കുക, ടിക്കറ്റ് തരാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ്. ഒരിക്കൽ കൺസഷൻ കൊടുത്തപ്പോൾ രണ്ടുരൂപ ടിക്കറ്റ് എഴുതാൻ പറ്റില്ല, പേന നീങ്ങില്ലെന്ന് കണ്ടക്ടർ പരിഹസിച്ചു. ഇങ്ങോട്ട് താ, ഞാൻ എഴുതിക്കാണിക്കാമെന്ന് പറഞ്ഞു. അയാളൊരിക്കലും പ്രതീക്ഷിച്ചില്ല അത്. ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും ടിക്കറ്റെഴുതി കൊടുത്തായിരുന്നു പ്രതികരിച്ചത്. എന്റെ അച്ഛനും നന്നായി പ്രതികരിക്കുന്ന ആളായിരുന്നു.
കടമകളെന്തെന്ന് ബോധ്യം വേണം
കടമകൾ, അവകാശങ്ങൾ എന്നിവയെക്കുറിച്ച് ആളുകൾ ബോധവാന്മാരല്ല. കടമകളെക്കുറിച്ച് ജീവനക്കാർക്കും ബോധ്യമില്ല. അവർക്ക് യാതൊരുവിധ പരിശീലനവും കിട്ടുന്നില്ല. അതുകൊണ്ടു തന്നെ ജീവനക്കാർ പലപ്പോഴും നിസ്സഹായരാണ്. പമ്പുകളിൽ ശുചിമുറി സൗകര്യമുണ്ടെന്ന് ഞങ്ങൾ ഇപ്പോഴാണ് മനസ്സിലാക്കുന്നതെന്ന്, ഈ സംഭവത്തിനു പിന്നാലെ ഒരു സൂപ്പർമാർക്കറ്റിൽ പോയപ്പോൾ അവിടുത്തെ പെൺകുട്ടികൾ പറഞ്ഞു. പമ്പുകളിൽ ശുചിമുറി സൗകര്യം ഉണ്ടെന്ന് പലർക്കും അറിയില്ല. പലരുടെയും നാവായി മാറാൻ കഴിഞ്ഞെന്നതിൽ സന്തോഷം.