
ശുഭാൻഷു ശുക്ല മേയിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക്; ചരിത്ര നിമിഷത്തിനൊരുങ്ങി ഇന്ത്യ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ ബഹിരാകാശത്ത് ഇന്ത്യയുടെ നാഴികക്കല്ലായി മാറുന്ന ചരിത്രയാത്ര മേയിലെന്നു കേന്ദ്ര സർക്കാർ. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അടുത്ത മാസം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പറക്കുമെന്നു കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
8 മാസമായി നാസയിലും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പേസിലും പരിശീലനത്തിലാണു ശുഭാൻഷു. സ്വകാര്യ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി ഐഎസ്എസിലേക്കു ശുഭാൻഷുവിനെ അയയ്ക്കാൻ ഇന്ത്യ 60 ദശലക്ഷം ഡോളറിലധികമാണു ചെലവിടുന്നത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണു ദൗത്യം. 4 അംഗ സംഘമാണു ക്രൂ ഡ്രാഗൺ കാപ്സ്യൂളിൽ പോകുന്നത്.
യുഎസിലെ ഫ്ലോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററിൽനിന്നാണു വിക്ഷേപണം. മുൻ നാസ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സൺ ആണ് ആക്സിയം-4 (ആക്സ്-4) ദൗത്യത്തിന്റെ കമാൻഡർ. യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ബഹിരാകാശയാത്രികനും മിഷൻ സ്പെഷലിസ്റ്റുമായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് മറ്റ് അംഗങ്ങൾ. ശുഭാൻഷുവാണു ദൗത്യത്തിന്റെ പൈലറ്റ്.
1984ൽ സോവിയറ്റിന്റെ സോയൂസ് പേടകത്തിൽ രാകേഷ് ശർമ നടത്തിയ പറക്കലിനു ശേഷം ഇന്ത്യയിൽനിന്നു ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ യാത്രികനാകും ശുഭാൻഷുവെന്നു ജിതേന്ദ്ര സിങ് വ്യക്തമാക്കി. ശുഭാൻഷു ദൗത്യത്തിന് തയാറാണെന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ.വി.നാരായണൻ പറഞ്ഞു.