
തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരദേശത്ത് എത്തിയ നാടോടി സംഘത്തെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന് തെറ്റിദ്ധരിച്ച നാട്ടുകാർ തടഞ്ഞുവച്ചു. പൊലീസ് സംഘം ഏറെനേരം പരിശ്രമിച്ചാണ് ഇവരെ രക്ഷിച്ചത്. ഞായറാഴ്ച രാത്രിയിൽ കരിംകുളം പള്ളം തീരത്തായിരുന്നു സംഭവം.
ആന്ധ്രാ പ്രദേശ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള നാല് സ്ത്രീകളും നാല് പുരുഷൻമാരും നാല് കുട്ടികളുമടങ്ങുന്ന സംഘമാണ് തെറ്റിദ്ധാരണയുടെ പേരിൽ ജനരോഷത്തിനിരയായത്. പരിചയമില്ലാത്തവരെ കണ്ട് സംശയം തോന്നിയ നാട്ടുകാർ സംഘത്തിൽ ചിലർക്ക് നേരെ തിരിഞ്ഞു. അക്രമം ഭയന്ന നാടോടികൾ സമീപത്തെ പള്ളിമേടയിൽ അഭയം തേടി. ഇതിനിടയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം പിടിയിലായി എന്ന് ചിലർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതോടെ ക്ഷുഭിതരായ ജനം സംഭവ സ്ഥലത്ത് തടിച്ച് കൂടി.
പിടിയിലായ സംഘത്തെ ജനക്കൂട്ടത്തിൽ നിന്നും മോചിപ്പിക്കാൻ തുടക്കത്തിൽ പൊലീസിന് കഴിഞ്ഞില്ല. തടിച്ചുകൂടിയവർ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘത്തെ മർദ്ദിച്ചതായും പരാതി ഉയർന്നു. ജനങ്ങളെ അനുനയിപ്പിക്കാൻ ജനപ്രതിനിധികളും ഇടവക വികാരിയും നടത്തിയ ശ്രമവും വിഫലമായി. തുടർന്ന് കൂടുതൽ പൊലീസെത്തി. ഏറെനേരത്തെ കഠിന പരിശ്രമത്തിനൊടുവിൽ നാടോടി സംഘത്തെ രക്ഷിച്ച് കാഞ്ഞിരംകുളം സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് പൊലീസ് ഇവരെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ തേടിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. കുറ്റക്കാരല്ലെന്ന് മനസിലാക്കിയ പൊലീസ് എല്ലാവരെയും വിട്ടയച്ചു.
Last Updated Mar 19, 2024, 4:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]