
മുതല പാതിയോളം വിഴുങ്ങിയ ഭർത്താവിനെ, ഭാര്യ അത്ഭുതകരമായി രക്ഷപ്പെടുത്തി. മകനോടൊപ്പം മീൻപിടിക്കുന്നതിനിടയിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആന്റണി ജോബർട്ട് (37) എന്നയാളെ മുതല ആക്രമിച്ചത്. ഭാര്യ കണ്ടെത്തുമ്പോള്‍ 13 അടി വലിപ്പമുണ്ടായിരുന്ന ഭീമൻ മുതല ആന്റണി ജോബർട്ടിനെ പാതി വിഴുങ്ങിയ അവസ്ഥയിലായിരുന്നു. തുടർന്ന് സ്വന്തം ജീവൻ പണയം വെച്ച് ഭാര്യ അന്നാലൈസ് മുതലയുടെ വായിൽ നിന്നും ആന്റണിയെ അത്ഭുതകരമായി രക്ഷിച്ചെടുത്തു,
ഭാര്യയ്ക്കും മകനൊപ്പം ദക്ഷിണാഫ്രിക്കയിലെ ഒരു അണക്കെട്ടിൽ അവധി ദിവസം ആഘോഷിക്കുന്നതിനിടയിലാണ് അപ്രതീകിഷിത ദുരന്തം ആന്റണിയെ തേടിയെത്തിയതെന്ന് ദ മിറർ റിപ്പോർട്ട് ചെയ്യുന്നു. അണക്കെട്ടിൽ മീൻപിടിക്കുന്നതിനിടയിൽ ആന്റണിയുടെ 12 വയസ്സുള്ള മകൻ ജെപിയുടെ ചൂണ്ട, വെള്ളത്തിൽ കുടുങ്ങിയതോടെയാണ് അപകടങ്ങളുടെ തുടക്കം. മകന് ചൂണ്ടയുടെ കുരുക്ക് അഴിച്ച് കൊടുക്കാനായി ആന്റണി തടാകത്തിനുള്ളിലേക്ക് ഇറങ്ങി. കഷ്ടിച്ച് ഒരടി മാത്രമാണ് അദ്ദേഹം വെള്ളത്തിലേക്ക് ഇറങ്ങിയത്. പക്ഷേ, അവിടെ ഒരു വലിയ അപകടം പതിയിരുപ്പുണ്ടായിരുന്നു.
ആന്റണി വെള്ളത്തിലിറങ്ങിയതും പതിയിരുന്ന മുതല അപ്രതീക്ഷിത വേഗതയിൽ വെള്ളത്തിൽ നിന്നും പൊങ്ങി വരികയും ആന്റണിയെ ആക്രമിക്കുകയുമായിരുന്നു. കാലിൽ കടിമുറുക്കിയ മുതല ശരവേഗത്തിൽ ആന്റണിയുടെ പകുതിയോളം ശരീരഭാഗവും വായിക്കുള്ളിലാക്കി. എന്നാൽ, ഇതേസമയം തന്നെ ആന്റണിയുടെ ഭാര്യ അന്നാലൈസ് സമീപത്ത് കിടന്ന ഒരു തടിക്ഷണമെടുത്ത് മുതലയുടെ തലയിൽ ആഞ്ഞടിക്കാൻ തുടങ്ങി. അന്നാലൈസിന്റെ പ്രവര്‍ത്തി ഫലം കണ്ടു. മുതലയ്ക്ക് ആന്റണിയുമായി തടാകത്തിലേക്ക് മറയാന്‍ കഴിഞ്ഞില്ല. എന്ന് മാത്രമല്ല. തുടര്‍ച്ചയായി ശക്തമായ അടി തലയ്ക്ക് ഏറ്റതോടെ മുതല വാ തുറന്നു.
ഈ സമയം അവരോടൊപ്പം ഉണ്ടായിരുന്ന ആന്റണിയുടെ ബോസ് ജോഹാൻ വാൻ ഡെർ കോൾഫ്. അന്നലൈസിന്റെ സഹായത്തിനെത്തി. ഇരുവരും ചേര്‍ന്ന് പെട്ടെന്ന് തന്നെ ആന്റണിയെ വലിച്ച് പുറത്തിട്ടു. രക്ഷയില്ലെന്ന് കണ്ട മുതല ഇതിനിടെ തടാകത്തിലേക്ക് തന്നെ മറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടർന്ന് ആന്റണിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച്, അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കി. ആന്റണിയുടെ വയറില്‍ നിന്നും ആഴത്തിലിറങ്ങിയ നിലയിൽ മൂന്ന് മുതലപ്പല്ലുകൾ കണ്ടെത്തിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആന്റണിയുടെ കാലുകളിലും വയറിലും ആഴത്തിലുള്ള നിരവധി മുറിവുകളുണ്ടായിട്ടുണ്ട്. നിലവിൽ, ആൻറണിയുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടുന്നതിനായി ജോബർട്ട് കുടുംബം ഫെയ്സ് ബുക്കിൽ ഒരു ധനസമാഹരണ പേജ് ആരംഭിച്ചു.
Last Updated Mar 19, 2024, 2:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]