
ദില്ലി : സരസ്വതി സമ്മാൻ പുരസ്കാരം മലയാളം കവിയും മാധ്യമപ്രവർത്തകനുമായ പ്രഭാവർമ്മക്ക്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്. പന്ത്രണ്ട് വർഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്ക്കാരം ലഭിക്കുന്നത്. 2012 ൽ സുഗതകുമാരി ടീച്ചറാണ് അവസാനമായി സരസ്വതി സമ്മാൻ പുരസ്കാരം നേടിയ മലയാളി. 1995 ൽ ബാലാമണിയമ്മും 2005 ൽ കെ അയ്യപ്പപ്പണിക്കരുമാണ് ഇതിന് മുമ്പ് സരസ്വതി സമ്മാൻ പുരസ്കാരം നേടിയത്. പഞ്ചലോഹ സരസ്വതി വിഗ്രഹവും പതിനഞ്ച് ലക്ഷം രൂപയും ശില്പവും പൊന്നാടയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് സരസ്വതി സമ്മാൻ. മുൻ സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി അധ്യക്ഷനായ സമിതിയുടേതാണ് പ്രഖ്യാപനം.
അഭിമാനകരമായ നിമിഷമാണെന്നും ലോകത്തിന് മുന്നിൽ നമ്മുടെ ഭാഷ ഏറ്റവും ശ്രേഷ്ഠമെന്ന് വിളിച്ചു പറയുന്നതാണ് പുരസ്ക്കാരമെന്നും പ്രഭാവർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സമുന്നതമായ പുരസ്കാരം മലയാള ഭാഷക്ക് ലഭിക്കുന്നതിന് താനൊരു മാധ്യമമായതിൽ സന്തോഷമാണെന്നും പ്രഭാവർമ്മ കൂട്ടിച്ചേർത്തു.
രൌദ്ര സാത്വികത്തിന് പുറമേ ശ്യാമമാധവം,കനൽച്ചിലമ്പ് തുടങ്ങി പതിമൂന്ന് കാവ്യസമാഹാരങ്ങളും മുപ്പതോളം കൃതികളും പ്രഭാ വർമ്മയുടേതായിട്ടുണ്ട്. ശ്യാമ മാധവം 2016 ൽ സാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു. ചലചിത്ര ഗാനരചനയ്ക്ക് രണ്ട് ദേശീയ അവാർഡുകൾ നേടി. മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയാണ് നിലവിൽ പ്രഭാവർമ്മ. 1991ൽ ബിർല ഫൗണ്ടേഷൻ ആണ് സരസ്വതി സമ്മാൻ കൊടുത്തു തുടങ്ങിയത്. ഹരിവംശറായി ബച്ചനാണ് ഈ പുരസ്കാരം ആദ്യം ലഭിച്ചത്. 22 ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ ഈക്കുറി പുരസ്ക്കാരത്തിനായി പരിഗണിച്ചു.
Last Updated Mar 18, 2024, 6:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]