
കറാച്ചി: ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ഇന്നുമുതലാണ് ആരംഭിച്ചത്. ആദ്യ മത്സരം ആതിഥേയരായ പാകിസ്ഥാനും ന്യൂസിലാന്റും തമ്മിലായിരുന്നു. മത്സരത്തിന് തൊട്ടുമുൻപ് കറാച്ചിയിൽ നടന്ന ഒരു കാര്യം സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായി. ടോസ് നേടിയ പാകിസ്ഥാൻ നായകൻ മുഹമ്മദ് റിസ്വാൻ ഫീൽഡിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാന്റ് താരങ്ങളായ ഡെവൺ കോൺവെയും വിൽ യംഗും ബാറ്റ് ചെയ്യാനായി പിച്ചിലേക്ക് വരുന്നതിനിടെ മത്സരത്തിന് മുന്നോടിയായി പാകിസ്ഥാൻ വായുസേനയുടെ എയർഷോ നടന്നു. യുദ്ധവിമാനങ്ങളുടെ ഉച്ചത്തിലെ ശബ്ദം പെട്ടെന്ന് കേട്ടതോടെ ഡെവൺ കോൺവെ ഞെട്ടി നിലത്തേക്ക് താഴ്ന്നു. ഗാലറിയിലിരുന്ന കാണികളും ഞെട്ടി നിൽക്കുന്നത് ക്യാമറ കാഴ്ചയിൽ കാണാം. ചിലർ പേടിച്ച് നെഞ്ചിൽ കൈവച്ചാണ് നിന്നത്.
നീണ്ട 29 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഐസിസി പരമ്പര പാകിസ്ഥാനിലേക്ക് വരുന്നത്. 1996ൽ നടന്ന ഏകദിന ലോകകപ്പാണ് ഇതിനുമുൻപായി പാകിസ്ഥാൻ വേദിയായത്. ഇന്ത്യയും ശ്രീലങ്കയും മത്സരവേദികൾ പാകിസ്ഥാനൊപ്പം പങ്കുവച്ചു. 2009ൽ ശ്രീലങ്ക പാകിസ്ഥാനിൽ പര്യടനം നടത്തവെ ഉണ്ടായ ഭീകരാക്രമണത്തിൽ താരങ്ങൾക്കടക്കം വെടിയേൽക്കുന്ന സാഹചര്യം ഉണ്ടായി. നീണ്ട ആറ് വർഷം അതോടെ മറ്റ് ടീമുകൾ പാകിസ്ഥാനിൽ പര്യടനത്തിന് എത്താതെയായി. പാകിസ്ഥാന് അവരുടെ ഹോം,എവെ ഗ്രൗണ്ടുകളായി യുഎഇയിൽ എത്തേണ്ടിവന്നു. ഇത്തവണ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ അവരുടെ മത്സരങ്ങളൊന്നും പാകിസ്ഥാനിലല്ല കളിക്കുന്നത് യുഎഇയിലാണ്. ദുബായിലാകും ഇന്ത്യയുടെ മത്സരം നടക്കുക.സെമി ഫൈനൽ മത്സരവും ദുബായിലാണ്. ഇന്ത്യ ഫൈനലിലെത്തിയാൽ ആ മത്സരവും യുഎഇയിൽ കളിക്കേണ്ടി വരും.
2009ലെ ആക്രമണ ശേഷം നീണ്ട ആറ് വർഷം കഴിഞ്ഞ് 2015ലാണ് ഒരു ടീം പാകിസ്ഥാനിൽ കളിക്കാനെത്തിയത്. ന്യൂസിലാന്റ് 2021ൽ പാകിസ്ഥാൻ പര്യടനം തീരുമാനിച്ചെങ്കിലും പിന്നീടത് റദ്ദാക്കി. ശേഷം ഈ വർഷമാണ് ഏകദിന പരമ്പരയ്ക്ക് അവരെത്തിയത്. പാകിസ്ഥാനും, ദക്ഷിണാഫ്രിക്കയും ന്യൂസിലാന്റും ചേർന്നുള്ള പരമ്പരയിൽ അവർ വിജയികളാകുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കറാച്ചിയിൽ പാകിസ്ഥാൻ എയർഫോഴ്സിന്റെ ഷേർദിൽ സ്ക്വാഡനാണ് വ്യോമാഭ്യാസം നടത്തിയത്. ജെഎഫ്-17 തണ്ടർ, എഫ്-16 ഫൈറ്റർ ജെറ്റ് വിമാനങ്ങളാണ് എയർഷോയിൽ പങ്കെടുത്തത്. വിക്കറ്റ് കീപ്പർ ബാറ്റർ ടോം ലാഥമിന്റെയും (പുറത്താകാതെ 118), ഓപ്പണർ വിൽ യംഗിന്റെയും (107) സെഞ്ച്വറി കരുത്തിലും ഗ്ളെൻ ഫിലിപ്സിന്റെ അതിവേഗ അർദ്ധ സെഞ്ച്വറിയിലും (39 പന്തുകളിൽ 61) ന്യൂസിലാന്റ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസ് നേടി. 10 ഓവറുകളിൽ 63 റൺസ് വഴങ്ങി നസീം ഷായും 83 റൺസ് വഴങ്ങി ഹാരിസ് റൗഫും പാകിസ്ഥാനായി രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.