
ബംഗളൂരു: മുഡ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ ബി എം പാർവ്വതിക്കും ലോകായുക്തയുടെ ക്ളീൻ ചിറ്റ്. സിദ്ധരാമയ്യ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ തെളിവില്ലെന്നാണ് ലോകായുക്ത വ്യക്തമാക്കുന്നത്. ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി ജെ ഉദേഷ് നേതൃത്വം നൽകിയ അന്വേഷണ സംഘം കഴിഞ്ഞയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 138 ദിവസത്തെ അന്വേഷണത്തിന് ശേഷമായിരുന്നു റിപ്പോർട്ട് നൽകിയത്. ഇത് പരിശോധിച്ചതിനുശേഷമാണ് ലോകായുക്തയുടെ നടപടി.
2024 സെപ്തംബറിലാണ് കേസിൽ ലോകായുക്ത അന്വേഷണം ആരംഭിച്ചത്. സിദ്ധരാമയ്യ, ഭാര്യ പാർവ്വതി, സഹോദരീ ഭർത്താവ് ബി എം മല്ലികാർജുന സ്വാമി തുടങ്ങി നൂറിലധികം പേരെ ലോകായുക്ത ചോദ്യം ചെയ്തിരുന്നു. മൊഴികൾ റെക്കാഡ് ചെയ്തു. തർക്ക സ്ഥലം, വിജ്ഞാപന പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട 3000 പേജിലധികം രേഖകൾ പരിശോധിച്ചെന്നും ലോകായുക്ത വൃത്തങ്ങൾ വ്യക്തമാക്കി.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി ഭൂമി നൽകിയെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് മുഡ (മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിട്ടി) വിവാദത്തിന്റെ നിഴലിലായത്. പാർവതിക്ക് സഹോദരൻ നൽകിയ 3.16 ഏക്കർ ഭൂമി മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ പാർപ്പിടസ്ഥലങ്ങൾ നൽകുകയും ചെയ്തെന്നാണ് പരാതി. 2014ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാർവതി മുഡയിൽ അപേക്ഷ നൽകിയത്. 2022 ജനുവരി അഞ്ചിനാണ് സ്ഥലങ്ങൾ കൈമാറിയത്. സിദ്ധരാമയ്യയുടെ സ്വാധീനമുപയോഗിച്ചാണ് ഇവ നേടിയതെന്നും സർക്കാർ ഖജനാവിന് ഇതുവഴി 55.8 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് പരാതി ഉയർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]