
വളർത്തുമൃഗങ്ങൾ സംസാരിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ഉടമകൾ കുറവായിരിക്കും. പ്രത്യേകിച്ച് അരുമ മൃഗങ്ങൾ അസ്വസ്ഥതകൾ പ്രകടിപ്പിക്കുമ്പോഴായിരിക്കും ഉടമകൾ ഏറെ ബുദ്ധിമുട്ടുക. അവർ എന്താണ് പറയാനാഗ്രഹിക്കുന്നത് എന്ന് എത്ര അടുപ്പമുണ്ടായിരുന്നാലും ചില ഘട്ടങ്ങളിൽ മനസിലാവുകയില്ല. എന്നാൽ നായ്ക്കൾ ചില ശരീരഭാഷകളിലൂടെ മനുഷ്യരോട് ആശയവിനിമയം നടത്തുമെന്നാണ് പുതിയ ചില പഠനങ്ങൾ വ്യക്തമാക്കുന്നത്.
നായ്ക്കൾ കണ്ണ് ചിമ്മുന്നത് ആശയവിനിമയത്തിന്റെ ഒരു മാർഗമാണെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. ഇറ്റലിയിലെ പർമ സർവകലാശാല പ്രസിദ്ധീകരിച്ച റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് എന്ന ജേർണലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരേ ഇനത്തിൽപ്പെട്ട ജീവികളോട് ആക്രമണാത്മകമല്ലാത്ത ഉദ്ദേശ്യങ്ങൾ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ആശയവിനിമയ മാർഗമാണ് കണ്ണ് ചിമ്മൽ എന്ന് പ്രസിദ്ധീകരത്തിൽ പറയുന്നു. ഒരു കൂട്ടം നായ്ക്കൾ പരസ്പരം കണ്ണ് ചിമ്മുന്നത് അവർക്കിടെയിലെ ആശയവിനിമയമാണ്. സഹജീവികൾ തമ്മിലെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും നിരാശ അകറ്റുന്നതിനും ഈ കണ്ണ് ചിമ്മൽ സഹായിക്കുന്നുവെന്നും പ്രസിദ്ധീകരണത്തിൽ വ്യക്തമാക്കുന്നു.
19 വ്യത്യസ്ത സിഗ്നലുകളിലൂടെയാണ് നായ്ക്കൾ മനുഷ്യരോട് സംസാരിക്കുന്നതെന്ന് അടുത്തിടെ ചില പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു. ‘റെഫറൻഷ്യൽ സിഗ്നലിംഗ്’ എന്നാണ് ഇവ അറിയപ്പെടുന്നത്. ഒച്ചയിലൂടെയല്ലാതെ ശരീര ഭാഷകളിലൂടെയാണ് നായ്ക്കൾ ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്നതെന്നും പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
വാലാട്ടൽ
നായ്ക്കൾ വാലാട്ടുന്നതിന് അവ സന്തോഷത്തിലാണ് എന്ന അർത്ഥം എപ്പോഴുമില്ല. അവയെ തഴുകണം എന്ന അർത്ഥത്തിലുമായിരിക്കില്ല വാലാട്ടുന്നത്. നായയുടെ ചെവികൾ ശ്രദ്ധിക്കുക. അവ താഴ്ന്ന നിലയിലാണ് മുകളിലേക്ക് ഉയർത്തുന്നുമില്ലെങ്കിൽ, അതിന് എന്തോ അസ്വസ്ഥതയുണ്ടെന്ന സൂചനയാണ് നൽകുന്നത്. കൂടാതെ, നായയുടെ മറ്റ് ശരീര ഭാഗങ്ങളിൽ ചലിക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കുക.
നായയുടെ വാൽ ചുരുണ്ടാണ് ഇരിക്കുന്നതെങ്കിൽ അവർ സ്വസ്ഥമായ അവസ്ഥയിലാണെന്നും ആത്മവിശ്വാസത്തോടെയാണെന്നും മനസിലാക്കാം.
വാൽ നേരെ, അനങ്ങാതെയാണ് ഇരിക്കുന്നതെങ്കിൽ നായ എന്തോ ഒന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.
വാൽ താഴ്ന്ന നിലയിലാണെങ്കിൽ ഭയപ്പെട്ടിരിക്കുകയാണെന്ന് മനസിലാക്കാം.
ചെവികൾ
ചെവികൾ മുകളിലേയ്ക്ക് ഉയർന്നാണ് ഇരിക്കുന്നതെങ്കിൽ നായ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ആവേശത്തോടെ എന്തോ ശ്രദ്ധിക്കുകയാണെന്നും മനസിലാക്കാം. തൂങ്ങിക്കിടക്കുന്ന ചെവികൾ ഭയത്തിന്റെയും അടിയറവിന്റെയും അടയാളമാണ്. അതേസമയം പിന്നിലേക്ക് ഉറപ്പിച്ചിരിക്കുന്ന ചെവികൾ നായ അസന്തുഷ്ടനും അസ്വസ്ഥനുമാണെന്ന് സൂചിപ്പിക്കുന്നു. സാധാരണയായി, ചെവികൾ കൂടുതൽ പരന്നതാണെങ്കിൽ, നായ കൂടുതൽ വിധേയത്വമുള്ളവനായിരിക്കും.
കണ്ണുകൾ
നായയുടെ വയറിൽ തടവുകയോ ചെവിക്ക് പിന്നിൽ ചൊറിയുകയോ ചെയ്യുമ്പോൾ സന്തോഷത്താൽ അവർ കണ്ണുകൾ അടയ്ക്കാറുണ്ട്.
നായയുടെ കണ്ണുകളുടെ വെള്ള നിറം കൂടുതലായി കാണാൻ സാധിക്കുകയാണെങ്കിൽ, അവർ ജാഗ്രത പാലിക്കുന്നതിന്റെ സൂചനയാണത്.
നായ കണ്ണുചിമ്മുന്നില്ലെങ്കിൽ അത് ആക്രമണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതാകാം. എന്നാൽ നായ നിങ്ങളെ തുറിച്ചുനോക്കുന്നത് ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ്. നായയുടെ കണ്ണിലേയ്ക്ക് നേരിട്ട് നോക്കുകയാണെങ്കിൽ, അവർ തിരിച്ചും കുറച്ചുനേരം നോക്കിയതിനുശേഷം നോട്ടം മാറ്റും. പിന്നീട് വിധേയത്വത്തോടെ തിരിഞ്ഞുനോക്കുകയും ചെയ്യും. നോട്ടം പൂർണ്ണമായും ഒഴിവാക്കിയാൽ നായ അസ്വസ്ഥനാകുകയും ചെയ്യും.
വായ
ചെവി കൂർത്ത്, കണ്ണുകൾ സ്വസ്ഥമായി, വായ തുറന്ന്, നാക്ക് പുറത്തിട്ടിരിക്കുകയാണെങ്കിൽ നായ സന്തോഷവാനാണെന്ന് മനസിലാക്കാം. നായ്ക്കൾ പല്ല് വെളിപ്പെടുത്തുന്നത് അസന്തുഷ്ടിയുടെയും ഭയത്തിന്റെയും ആക്രമണത്തിന്റെയും സൂചനയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടുവായ
സമ്മർദ്ദത്തിലായിരിക്കുമ്പോൾ നായ്ക്കൾ കോട്ടുവായിടുന്നത് സാധാരണമാണ്. എന്നാൽ രസകരമായ എന്തെങ്കിലും പ്രതീക്ഷിക്കുമ്പോഴും അവ കോട്ടുവായിടും. ചില നായ്ക്കൾ കളിക്കിടെ മറ്റ് നായ്ക്കളുടെ ആശയവിനിമയം നടത്തുന്നതിന് വേണ്ടി കോട്ടുവായിടും. നായ്ക്കൾ കോട്ടുവായ ഇടുന്നത് കാണുമ്പോൾ അവയെ സന്തോഷിപ്പിക്കാൻ ശ്രമിക്കുക.
തല ചരിക്കുന്നത്
നായ്ക്കൾ കൂടുതൽ ശ്രദ്ധയോടെ കേൾക്കുമ്പോഴാണ് തല ചരിക്കുന്നത്. എന്തെങ്കിലും കേട്ട് ഞെട്ടുമ്പോഴോ, മുമ്പ് കേട്ടിട്ടില്ലാത്ത ഒരു ശബ്ദം കേൾക്കുമ്പോഴോ, അവയുടെ ചെവികൾ, ശബ്ദത്തിലേക്ക് പുനഃക്രമീകരിക്കാൻ തല ചരിക്കും.
നക്കുക
സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നായ്ക്കൾ ഉടമകളെ നക്കുന്നത്.
തുമ്മൽ
നായ്ക്കൾ തുമ്മുന്നത് ആവേശം കാണിക്കുന്നതിന്റെ സൂചനയാണ്. മൂക്കിലെ അസ്വസ്ഥതകൾ മൂലവും തുമ്മലുണ്ടാകാം. നായ്ക്കൾ പരസ്പരം ഇടപഴകുമ്പോഴും തുമ്മാറുണ്ട്. നായ്ക്കളുടെ ആശയവിനിമയത്തിന്റെ ഭൂരിഭാഗവും സമാധാനം നിലനിർത്താൻ ഉദ്ദേശിച്ചുള്ളതാണ്. അക്രമാസക്തനാകരുത്, ഇത് കളിസമയമാണ്” എന്ന് നായ്ക്കൾ പരസ്പരം പറയാനുള്ള ഒരു മാർഗമാണ് തുമ്മൽ.