
തിരുവനന്തപുരം: ബെവ്കോ ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം മോഷ്ടിച്ചാൽ ഇനി കൈയോടെ പിടിവീഴും. ബില്ലടക്കാതെ കുപ്പിയുമായി പുറത്തേക്ക് ആർക്കും കടക്കാൻ കഴിയില്ല. കുപ്പികളിൽ പുതിയ മാഗ്നറ്റിക് സംവിധാനം ഘടിപ്പിച്ചാണ് മോഷണം തടയുക. വലിയ കച്ചവടമുള്ള പ്രീമിയം കൗണ്ടറുകളിൽ മദ്യമോഷണം പതിവായതോടെയാണ് സംവിധാനം കൊണ്ടുവരുന്നത്.
കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന നല്ല തിരക്കുള്ള ബെവ്കോ ഔട്ട്ലെറ്റുകളിൽ സിസിടിവികളുണ്ടെങ്കിലും മോഷണം പതിവായിരിക്കുകയാണ്. ഇനി കുപ്പിയും മോഷ്ടിച്ച് പുറത്തിറങ്ങിയാൽ ഉടൻ സൈറണ്‍ മുഴങ്ങും. കയ്യോടെ പിടികൂടുകയും ചെയ്യും. തെഫ്റ്റ് ഡിറ്റക്റ്റിങ് സിസ്റ്റം കുപ്പിയിൽ കൊണ്ടുവന്നിരിക്കുകയാണ്.
ആരെങ്കിലും കുപ്പി കൊണ്ടുപോയാൽ ജീവനക്കാർ നഷ്ടം നികത്തണം എന്നതാണ് സ്ഥിതി. കുപ്പികൾക്ക് ടാഗിട്ട് ബില്ല് ചെയ്യുമ്പോൾ ടാഗ് എടുത്തുമാറ്റും. ടെക്സ്റ്റൈൽസിലൊക്കെ ഇപ്പോൾ കാണുന്ന സമാനമായ രീതിയിൽ ആണ് ഇതും. നമുക്ക് തനിയെ ടാഗ് നീക്കാനാവില്ല. മാഗ്നറ്റിക് ഡിസ്മാന്റലർ ഉപയോഗിച്ചാണ് ഇത് നീക്കുക.
നിലവിൽ തിരുവനന്തപുരത്തെ പ്രീമിയം ഔട്ട് ലെറ്റിലാണ് ഈ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്. ഒരു മാസം പ്രവർത്തനം വിലയിരുത്തി മറ്റ് ഔട്ട് ലെറ്റുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]