
പാലക്കാട്: മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആർ.രഘുനാഥ് വിട പറഞ്ഞു. 88 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
1958ൽ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്. വിക്ടോറിയ കോളേജ് മൈതാനത്ത് മൈസൂരുവിനെതിരെ കളിക്കുമ്പോൾ ഓപ്പൺ ചെയ്ത് അവസാനം വരെ പുറത്താകാതെ നിന്ന് റെക്കാഡ് സ്ഥാപിച്ച (68 റൺസ് നോട്ടൗട്ട്) താരം കൂടിയാണ്. 1958ൽ വെങ്കിടഗിരിയിൽ ആന്ധ്രാപ്രദേശിനെ തോൽപ്പിച്ച് കേരളം ആദ്യജയം നേടിയ മത്സരത്തിൽ 94 റൺസെടുത്ത് രഘുനാഥ് വിജയ ശിൽപിയായി. 1958ൽ പാലക്കാട്ട് ആന്ധ്രക്കെതിരെ രഘുനാഥ്-ബാലൻപണ്ഡിറ്റ് സഖ്യം നേടിയ റെക്കാഡ് അഞ്ചു പതിറ്റാണ്ടോളം ഇളക്കമില്ലാതെ നിന്നു. സംസ്ഥാന രൂപവത്കരണത്തിനുശേഷം 10 വർഷം കേരളത്തിനായി കളിച്ചു. 17 മത്സരങ്ങളിലായി 30 ഇന്നിങ്സുകളിൽ സംസ്ഥാനത്തിനുവേണ്ടി ബാറ്റേന്തി. പിന്നീട് കേരളത്തിന്റെയും ദക്ഷിണമേഖലയുടെയും വിവിധ വിഭാഗം ടീമുകളുടെ സെലക്ടറായിരുന്നു.
ശ്രീകാന്ത്, ഡബ്ല്യു.വി. രാമൻ, എൽ. ശിവരാമകൃഷ്ണൻ തുടങ്ങി പ്രഗത്ഭരായ നിരവധി പേരെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്നലെ വൈകിട്ട് പാലക്കാട്ട് കെ.എസ്.ആർ.ടി.സിക്കടുത്ത് ഡി.പി.ഒ റോഡിലെ ‘റിട്രീറ്റ്’ വീട്ടിലേക്ക് ഭൗതീകദേഹം എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. ഭാര്യ: പ്രഭ. മകൾ: സിന്ധു. മരുമകൻ: സ്വരൂപ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]