
രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയിൽ, അസ്ഹറുദ്ദീന് സെഞ്ച്വറി
അഹമ്മദാബാദ് : രഞ്ജി ട്രോഫി സെമി ഫൈനലിലിന്റെ രണ്ടാം ദിവസവും ഗുജറാത്തിന്റെ ബൗളിംഗ് ആക്രമണത്തെ മനോഹരമായി പ്രതിരോധിച്ച കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 418 റൺസെന്ന നിലയിലാണ് കേരളം. സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രകടനമാണ് കേരളത്തിൻ്റെ നില ഭദ്രമാക്കിയത്. 303 പന്ത് നേരിട്ട് 149 റൺസുമായി പുറത്താകാതെ നില്ക്കുന്ന അസ്ഹറുദ്ദീനൊപ്പം പത്ത് റൺസോടെ ആദിത്യ സർവാടെയാണ് ക്രീസിലുള്ളത്.
വീണ്ടും രക്ഷകരായി
അസ്ഹർ സൽമാൻ
നാല് വിക്കറ്റിന് 206 റൺസെന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരരംഭിച്ച കേരളത്തിന് രണ്ടാം പന്തിൽ തന്നെ ക്യാപ്ടൻ സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായി. 69 റൺസെടുത്ത സച്ചിനെ അർസൻ നഗസ്വെല്ലയാണ് പുറത്താക്കിയത്.തുടർന്ന് ആറാം വിക്കറ്റിൽ ഒത്തു ചേർന്ന സൽമാൻ നിസാറിൻ്റെയും (52) അസ്ഹറുദ്ദീന്റെയും കൂട്ടുകെട്ടാണ് വീണ്ടുമൊരിക്കൽ കൂടി കേരളത്തിന് രക്ഷയായത്.368 പന്തിൽ 149 റൺസാണ് ഇരുവരും ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത്. സീസണിൽ ഇരുവരുടേയും മൂന്നാമത്തെ സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു ഇന്നലത്തേത്.വളരെ കരുതലോടെയാണ് ഇരുവരും ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്. മൈതാനത്തിൻ്റെ എല്ലായിടങ്ങളിലേക്കും ഷോട്ടുകൾ പായിച്ച അസ്ഹറുദ്ദീൻ 175 പന്തുകളിൽ നിന്നാണ് സെഞ്ച്വറി തികച്ചത്. രഞ്ജിയിൽ താരത്തിന്റെ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. ലോംഗ് ഓണന് മുകളിലൂടെ സിക്സടിച്ചാണ് സൽമാൻ അർദ്ധ സെഞ്ച്വറി തികച്ചത്. എന്നാൽ
അർദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ വിശാൽ ജയ്സ്വാളിൻ്റെ പന്തിൽ എൽ.ബി.ഡബ്ല്യു ആയി സൽമാൻ പുറത്തായി.
തുടർന്നെത്തിയ അരങ്ങേറ്റക്കാരൻ അഹ്മദ് ഇമ്രാൻ 24 റൺസെടുത്ത് മടങ്ങി. മൂന്ന് വിക്കറ്റെടുത്ത അർസനാണ് ഗുജറാത്ത് ബൗളിംഗ് നിരയിൽ തിളങ്ങിയത്. പ്രിയജിത് സിംഗ് ജഡേജയും രവി ബിഷ്ണോയിയും വിശാൽ ജയ്സ്വാളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മുംബയ്ക്ക് തകർച്ച
മറ്റൊരു സെമിയിൽ വിദർഭയ്ക്കെതിരെ നിലവിലെ ചാമ്പ്യൻമാരായ മുംബയ്ക്ക് തകർച്ച. വിദർഭ ഒന്നാം ഇന്നിംഗ്സിൽ 383 റൺസിന് ഓൾഔട്ടായി. മുംബയ്ക്കായി ശിവം ദുബെ 5 വിക്കറ്റ് വീഴ്ത്തി. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ മുംബയ് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 188/7 എന്ന നിലയലാണ്. വിദർഭയെക്കാൾ 195 റൺസ് പിന്നാലാണ് മുംബയ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]