
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇരട്ട സെഞ്ചുറി നേടി അമ്പരപ്പിച്ച ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് ആശംസകളുടെ പ്രവാഹമാണ്. വിശാഖപട്ടണം, രാജ്കോട്ട് ടെസ്റ്റുകളിലായിരുന്നു യശസ്വിയുടെ ഡബിള്‍ സെഞ്ചുറികള്‍. ഇരു ടെസ്റ്റിലും ഇംഗ്ലണ്ടിനെ ടീം ഇന്ത്യ തോല്‍വിയിലേക്ക് തള്ളിവിട്ടത് യശസ്വി ജയ്സ്വാളിന്റെ ബാറ്റിംഗ് കരുത്തിലായിരുന്നു. ബാറ്റിംഗില്‍ കത്തിക്കയറുമ്പോഴും യശസ്വിക്ക് ഒരു ഉപദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസവും മുന്‍ പരിശീലകനുമായ അനില്‍ കുംബ്ലെ.
ജയ്സ്വാളിനെ അഭിനന്ദിച്ച് കുംബ്ലെ
‘ബാറ്റിംഗില്‍ നിങ്ങള്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ നിങ്ങളുടെ സ്വാഭാവികമായ ലെഗ് സ്പിന്‍ പന്തുകള്‍ കൂടി എനിക്ക് കാണണം എന്നുണ്ട്. നിങ്ങളത് ഒരിക്കലും കൈവിടാന്‍ പാടില്ല. പോയി ക്യാപ്റ്റനോട് കുറച്ച് ഓവറുകള്‍ തരാന്‍ പറയൂ, ലെഗ് സ്പിന്‍ ഉപകാരപ്പെടും’ എന്നുമായിരുന്നു യശസ്വി ജയ്സ്വാളിനോട് ജിയോ സിനിമയില്‍ അനില്‍ കുംബ്ലെയുടെ വാക്കുകള്‍. ഇതിനോട് ഉടന്‍ യശസ്വി പ്രതികരിക്കുകയും ചെയ്തു. ‘ഞാനെപ്പോഴും ബൗളിംഗിന് ഒരുക്കമാണ്. തയ്യാറായിരിക്കാന്‍ രോഹിത് ശര്‍മ്മ പറഞ്ഞിട്ടുണ്ട്. ഞാന്‍ പന്തെറിയാന്‍ ഒരുക്കമാണെന്ന് ക്യാപ്റ്റനോട് പറഞ്ഞിട്ടുമുണ്ട്’ എന്നുമായിരുന്നു യശസ്വി ജയ്സ്വാളിന്റെ പ്രതികരണം. പരിശീലന സെഷനുകളില്‍ യശസ്വി ലെഗ് സ്പിന്‍ എറിയുന്നത് ശ്രദ്ധിച്ചായിരുന്നു കുംബ്ലെയുടെ ഈ നിര്‍ദേശം.
ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലിക്ക് ജയ്സ്ബോള്‍ ശൈലിയിലൂടെ മറുപടി നല്‍കുകയാണ് 22കാരനായ യശസ്വി ജയ്സ്വാള്‍. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 209 റൺസെടുത്ത ജയ്സ്വാൾ രാജ്കോട്ടിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ പുറത്താവാതെ 214* റൺസ് അടിച്ചുകൂട്ടുകയായിരുന്നു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ 109 ബാറ്റിംഗ് ശരാശരിയില്‍ 545 റണ്‍സുമായി ജയ്സ്വാളാണ് റണ്‍വേട്ടയില്‍ മുന്നില്‍. കരിയറില്‍ ഇതുവരെ കളിച്ച ഏഴ് ടെസ്റ്റുകളിലെ 13 ഇന്നിംഗ്സിൽ 68.99 സ്ട്രൈക്ക്റേറ്റിൽ 861 റൺസാണ് ജയ്സ്വാള്‍ നേടിയത്. മൂന്ന് സെഞ്ചുറിയിൽ രണ്ടും ഇരട്ട സെഞ്ചുറിയാക്കി മാറ്റാന്‍ താരത്തിനായി.
ഒരുപിടി റെക്കോര്‍ഡ്
തുടർച്ചയായ രണ്ടാം ഇരട്ട സെഞ്ചുറിയിലൂടെ ഒരുപിടി റെക്കോർഡുകളാണ് യശസ്വി ജയ്സ്വാൾ സ്വന്തമാക്കിയത്. ഇന്ത്യക്കായി ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ഇടംകൈയൻ ബാറ്ററാണ് ജയ്സ്വാൾ. 2007ൽ പാകിസ്ഥാനെതിരെ സൗരവ് ഗാംഗുലി നേടിയ 534 റൺസ് മറികടന്ന ജയ്സ്വാളിന് 545 റൺസായി. ടെസ്റ്റ് ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സർ പറത്തിയ വസീം അക്രത്തിന്റെ റെക്കോർഡിന് ഒപ്പമെത്താനും ജയ്സ്വാളിന് കഴിഞ്ഞു. ഇരുവരും നേടിയത് 12 സിക്സർ വീതമാണ്. ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സർ പറത്തിയ രോഹിത് ശർമ്മയുടെ റെക്കോർഡും പഴങ്കഥയായി. രോഹിത്തിന്റെ 19 സിക്സിന്റെ റെക്കോര്‍ഡാണ് ജയ്സ്വാൾ രാജ്കോട്ട് ടെസ്റ്റിലൂടെ മറികടന്നത്.
Last Updated Feb 19, 2024, 7:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]