
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന യശസ്വി ജയ്സ്വാളിന്റെ പ്രകടനമാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ കൂറ്റന്‍ സ്കോറും മികച്ച ലീഡും ഉറപ്പാക്കിയത്. തുടക്കത്തില്‍ പ്രതിരോധത്തിലൂന്നി കളിച്ച ജയ്സ്വാള്‍ ആദ്യ അര്‍ധസെഞ്ചുറി തികക്കാന്‍ 80 പന്തുകള്‍ നേരിട്ടു.
പിന്നീട് വെറും 42 പന്തുകള്‍ കൂടി നേരിട്ട് 122 പന്തില്‍ സെഞ്ചുറിയിലെത്തി. 104 റണ്‍സെടുത്ത് ഇന്നലെ റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട ജയ്സ്വാള്‍ ഇരട്ടി കരുത്തോടെയാണ് ഇന്ന് തിരിച്ചെത്തിയത്. സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ അതിര്‍ത്തി കടത്തിയ ജയ്സ്വാള്‍ ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണെ തുടര്‍ച്ചയായി മൂന്ന് തവണ സിക്സിന് പറത്തിയത് ആരാധകര്‍ അവിശ്വസനീയതോടെയാണ് കണ്ടിരുന്നത്.
193 പന്തിലാണ് 150 റണ്‍സ് പിന്നിട്ട യശസ്വി പിന്നീടായിരുന്നു ആന്‍ഡേഴ്സണെ അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിട്ടത്. ആന്‍ഡേഴ്സന്റെ ഓവറിലെ ആദ്യ പന്തില്‍ റണ്‍സെടുക്കാന്‍ കഴിയാതിരുന്ന യശസ്വി രണ്ടാം പന്ത് സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സിക്സിന് പറത്തി. മൂന്നാം പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെയായിരുന്നു പറന്നത്. അടുത്ത പന്താകട്ടെ സ്ട്രെയൈറ്റ് ബൗണ്ടറിക്ക് മുകളിലൂടെയും പറക്കുന്നത് കണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ പോലും മൂക്കത്ത് വിരല്‍വെച്ചു.
JAISWAL SMASHED 3 CONSECUTIVE SIXES AGAINST ANDERSON 🔥🇮🇳
— Johns. (@CricCrazyJohns)
193 പന്തില്‍ 150 റണ്‍സടിച്ച യശസ്വിക്ക് പിന്നീട് കരിയറിലെ രണ്ടാം ഇരട്ടസെഞ്ചുറിയിലെത്താന്‍ വേണ്ടിവന്നത് 28 പന്തുകള്‍ മാത്രമായിരുന്നു. 231 പന്തില്‍ 200 റണ്‍സടിച്ച യശസ്വി 236 പന്തില്‍ 214 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ആകെ പറത്തിയത് 12 സിക്സുകള്‍. ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകളെന്ന വസീം അക്രത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ യശസ്വി ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍(22) എന്ന റെക്കോര്‍ഡും സ്വന്തമാക്കി.
Last Updated Feb 18, 2024, 6:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]