

ആലപ്പുഴ കാട്ടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ; സ്കൂൾ അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് പിതാവിന്റെ പരാതി
ആലപ്പുഴ: കാട്ടൂരില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതു സ്കൂള്‍ അധികൃതരുടെ മാനസിക പീഡനം മൂലമെന്നു പരാതി. ഇക്കഴിഞ്ഞ 15-ാം തിയതിയാണ് കുട്ടി മരിച്ചത്. കാട്ടൂർ ഹനുമല്‍ ക്ഷേത്രത്തിന് സമീപം അഴിയകത്തു വീട്ടില്‍ പ്രജിത്തിന്റെ (13) മരണവുമായി ബന്ധപ്പെട്ടാണു പിതാവ് എ.പി.
മനോജ് മുഖ്യമന്ത്രിക്കും കലക്ടർക്കും പൊലീസിനും പരാതി നല്‍കിയത്. സ്കൂളില്‍ നിന്നു മടങ്ങിയെത്തിയ പ്രജിത്ത് സ്കൂള്‍ യൂണിഫോമില്‍ തന്നെ വീടിനുള്ളില്‍ കയറി തൂങ്ങി മരിക്കുക ആയിരുന്നു. അന്നേ ദിവസം സ്കൂളില്‍ വച്ചു അദ്ധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് ആരോപിക്കുന്നു. സഹപാഠിക്ക് തലകറക്കം ഉണ്ടായപ്പോള്‍ വെള്ളം കുടിക്കാൻ പൈപ്പിനു സമീപത്തേക്ക് പ്രജിത്ത് ഒപ്പം പോയിരുന്നെന്നും ഈ സമയത്ത് ക്ലാസിലെത്തിയ അദ്ധ്യാപകൻ വിദ്യാർത്ഥികളെ കാണാനില്ലെന്നു മൈക്കിലൂടെ അറിയിച്ചെന്നും പരാതിയില്‍ പറയുന്നു.
ഇതുകേട്ട് പ്രജിത്തും സുഹൃത്തും ക്ലാസിലേക്ക് ഓടിയെത്തിയെങ്കിലും അദ്ധ്യാപകൻ പ്രജിത്തിനെ ചൂരല്‍ ഉപയോഗിച്ച് തല്ലുകയും ശരീരപരിശോധന നടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കണ്ണില്‍ സൂക്ഷിച്ച് നോക്കി ‘നീയൊക്കെ കഞ്ചാവാണല്ലേ എന്നു ചോദിച്ചു. മറ്റൊരു അദ്ധ്യാപികയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സ്കൂള്‍ വിട്ടപ്പോഴും ഇതേ അദ്ധ്യാപകനും അദ്ധ്യാപികയും ചേർന്ന് കുട്ടിയെ അപമാനിച്ചെന്നും മറ്റു വിദ്യാർത്ഥികള്‍ കാണ്‍കെ അദ്ധ്യാപകൻ മർദിച്ചെന്നും പിതാവിന്റെ പരാതിയിലുണ്ട്. ഇതോടെ കുട്ടി മാനസികമായി പതറി പോയതായും പരാതിയില്‍ ആരോപിക്കുന്നു.
സഹപാഠികളാണ് ഈ കാര്യങ്ങള്‍ പറഞ്ഞതെന്നും സ്കൂളില്‍ നിന്ന് മടങ്ങുമ്ബോള്‍ ബസ് സ്റ്റോപ്പില്‍ അദ്ധ്യാപകർ ആരെങ്കിലും ഉണ്ടോയെന്നു പ്രജിത്ത് പേടിയോടെ ചോദിച്ചെന്ന് ഒരു സഹപാഠി തന്നോടു പറഞ്ഞെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. സാധാരണ വരുന്ന വഴിയിലൂടെയല്ല അന്നു പ്രജിത്ത് വീട്ടിലെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ടെന്നും എന്നാല്‍ മർദനമേറ്റ പാടുകളൊന്നും ശരീരത്തില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. അദ്ധ്യാപകർക്കെതിരെയുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. അദ്ധ്യാപകരുടെ മൊഴിയെടുത്തെന്നും അടുത്ത ദിവസം വിദ്യാർത്ഥികളുടെ മൊഴിയെടുക്കുമെന്നും മണ്ണഞ്ചേരി ഇൻസ്പെക്ടർ ജെ. നിസാമുദ്ദീൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]