
റിയാദ്: മതേതരത്വം ഇന്ത്യയുടെ സംസ്കാരമാണെന്നും അതില്ലാതെ ഇന്ത്യയില്ലെന്നും തിരുവനന്തപുരം എം.പി ശശി തരൂർ. റിയാദ് ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ വാർഷികാഘോഷത്തിൽ മുഖ്യപ്രഭാഷണം നാടത്തുകയായിരുന്നു അദ്ദേഹം. മതേതരത്വം എവിടെയെങ്കിലും എഴുതി ചേർത്തത് കൊണ്ടല്ല ഇന്ത്യ മതേതരമായത്. അത് നമ്മുടെ സംസ്കാരത്തിൻറെ ഭാഗമാണ്. ‘സെക്കുലർ’ എന്ന പദമില്ലെങ്കിലും ഭരണഘടനയിൽ എഴുതി ചേർത്തില്ലെങ്കിലും ഇന്ത്യ മതേതരമാണ്. ചരിത്രത്തിൽ മുഴുവൻ അതിനുള്ള തെളിവുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രശ്നത്തെ തുടർന്ന് റിയാദിലേക്കുള്ള യാത്ര മാറ്റിവെക്കാൻ ഒരുങ്ങിയതാണ്. സംഘാടകർ ഇത്രയും ഒരുക്കം നടത്തിയ പരിപാടിയിലേക്ക് എത്താതിരിക്കുന്നതെങ്ങനെ എന്നെ ചിന്തയാണ് യാത്രക്ക് പ്രേരിപ്പിച്ചതെന്ന് പറഞ്ഞ അദ്ദേഹം അനാരോഗ്യ കാരണം പറഞ്ഞു പ്രസംഗം ചുരുക്കുകയും സദസിലുള്ള വിദ്യാർഥികളുമായുള്ള സംവാദ പരിപാടിയിൽ വാചാലനാവുകയും ചെയ്തു. സദസിലെ ചെറിയ കുട്ടികളുടെ വലിയ ചോദ്യങ്ങൾക്ക് അതിനേക്കാൾ വലിയ ഉത്തരം പറഞ്ഞ് തരൂർ കൂട്ടികളുടെ മനസും സദസിൻറെ ശ്രദ്ധയുമാകർഷിച്ചു.
ഈ കാലത്തെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് ഞങ്ങളുമായി പങ്കുവെക്കുമോ എന്ന ചോദ്യത്തിന് ഓരോ സംസ്കാരത്തെയും നമ്മൾ മാനിക്കണമെന്നും സംസ്കാരം ഒരു അടച്ചുവെച്ച പെട്ടിയാവരുത് തുറന്നിട്ട ജാലകമാകണമെന്നും അദ്ദേഹം മറുപടി പറഞ്ഞു. കൊടുത്തും വാങ്ങിയും ആഘോഷിക്കാനുള്ളതാണ് സംസ്കാരം. ഐക്യരാഷ്ട്രസഭയുടെ പ്രസക്തിയെ കുറിച്ചുള്ള ചോദ്യത്തിന് അത് അപ്രസക്തമെല്ലന്നും യു.എൻ ഇടപെടലുകലുകൾക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also –
ഗൾഫിൻറെ നിർമിതിയിൽ പ്രവാസികളുടെ പങ്ക് ചെറുതല്ലെന്നും ലോകത്തെവിടെയും രാജ്യത്തിന് അഭിമാനകരമായി അടയാളപ്പെടുത്തുന്നവരാണ് പ്രവാസികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒ.ഐ.സി.സി ‘ഖാദിയിൽ നെയ്ത ഭാരത ചരിതം’ എന്ന തലവാചകത്തിൽ സംഘടിപ്പിച്ച പരിപാടിയായതിനാൽ ഖാദിയുടെ ചരിത്രവും തരൂർ സദസുമായി പങ്കുവെച്ചു. എന്നാൽ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കുമ്പോഴും കക്ഷി രാഷ്ട്രീയം പറയുന്നതിൽ ശശി തരൂർ പ്രസംഗത്തിലുടനീളം പിശുക്ക് കാട്ടിയത് ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലെ നിലവിലെ കക്ഷിരാഷ്ട്രീയ സാഹചര്യം വിശദീകരിക്കാൻ നിൽക്കാതെ സാംസ്കാരിക പ്രഭാഷണത്തിലേക്ക് കടക്കുകയാണ് ചെയ്തത്. കോൺഗ്രസ്സിൻറെ തിരിച്ചുവരവിെൻറ പ്രസക്തി രണ്ട് വരിയിൽ ഒതുക്കിയ തരൂർ രാജ്യത്തിൻറെ മതേതര സംസ്കാരത്തിൽ വാചാലനാവുകയായിരുന്നു. ചെണ്ടമേളത്തിൻറെ അകമ്പടിയോടെ വേദിയിലേക്കെത്തിയ തരൂരിനെ കാണാനും കൂടെ ചിത്രം പകർത്താനും തലമുറ വ്യത്യസമില്ലാതെ വ്യത്യസ്ത മേഖലയിലുള്ളവരെത്തിയിരുന്നു. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
(ഫോട്ടോ: ശശി തരൂർ റിയാദ് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നു)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]