
വിജയനഗരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രക്കെതിരെ കേരളത്തിന് കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ്. ആന്ധ്രയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 272 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 242 റണ്‍സിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 19 റണ്‍സെടുക്കുന്നതിനിടെ ആന്ധ്ര്യയുടെ ഓപ്പണര്‍ രേവന്ദ് റെഡ്ഡിയെ മടക്കി വിജയപ്രതീക്ഷയിലാണ്.
അവസാന ദിനം ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ആന്ധ്രക്ക് ഇനിയും 223 റണ്‍സ് കൂടി വേണം. എട്ട് റണ്‍സോടെ മഹീപ് കുമാറും രണ്ട് റണ്‍സോടെ അശ്വിന് ഹെബ്ബാറുമാണ് ക്രീസില്‍. എന്‍ പി ബേസിലാണ് രേവന്ദ് റെഡ്ഡിയെ പുറത്താക്കി കേരളത്തിന് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയത്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിനായി സച്ചിന് ബേബിയാണ് ആദ്യം സെഞ്ചുറിയിലെത്തിയത്. രണ്ടാം ദിനം 87 റണ്‍സെടുത്തിരുന്ന സച്ചിന് 113 റണ്‍സെടുത്ത് പുറത്തായി. മനീഷ് ഗോല്‍മാരുവിന്റെ പന്തില്‍ സച്ചിനെ കെ നിതീഷ് കുമാര്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സെഞ്ചുറി നേടിയതോടെ സച്ചിന് ബേബി രഞ്ജി സീസണിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഴ് മത്സരങ്ങളില്‍ നാലു സെഞ്ചുറിയും നാല് ഫിഫ്റ്റിയും അടക്കം 822 റണ്‍സാണ് ഈ സീസണില്‍ സച്ചിന് അടിച്ചെടുത്തത്. 860 റണ്‍സടിച്ച റിക്കി ഭൂയി മാത്രമാണ് റണ്‍വേട്ടയില്‍ സച്ചിന് മുന്നിലുള്ള ഏക താരം.
സച്ചിന് പുറത്തായശേഷം അക്ഷയ് ചന്ദ്രനും(184) സല്മാന് നിസാറും(58) ചേര്‍ന്നാണ് കേരളത്തെ സുരക്ഷിത സ്കോറിലേക്ക് നയിച്ചത്. 386 പന്തില്‍ 20 ബൗണ്ടറികള്‍ പറത്തിയാണ് അക്ഷയ് ചന്ദ്രന് 184 റണ്‍സടിച്ചത്. ഇരുവരും പുറത്തായശേഷം മുഹമ്മദ് അസ്ഹ്റുദ്ദീന്‍ 41 പന്തില്‍ 40 റണ്‍സെടുത്ത് കേരളത്തിന്റെ സ്കോറുയര്‍ത്തി. രണ്ട് റണ്‍സുമായി അഖിസ് സ്കറിയ പുറത്താകാതെ നിന്നു.ആന്ധ്രക്ക് വേണ്ടി മനീഷ് ഗോലമാരു നാലു വിക്കറ്റ് വീഴ്ത്തി. നോക്കൗട്ട് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച കേരളം കഴിഞ്ഞ മത്സരത്തില്‍ ബംഗാളിനെ തകര്‍ത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.
Last Updated Feb 18, 2024, 5:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]