
ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഫോട്ടോഗ്രാഫി മത്സരമായ സോണി വേൾഡ് ഫോട്ടോഗ്രാഫി അവാർഡിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച് ഇന്ത്യക്കാരും. പ്രൊഫഷണൽ, ഓപ്പൺ, യൂത്ത്, സ്റ്റുഡൻ്റ് എന്നീ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 395,000 -ലധികം ചിത്രങ്ങൾ ആണ് ലഭിച്ചത്. 2024 ലെ മികച്ച ഫോട്ടാഗ്രാഫർക്കുള്ള അവാർഡിന് 54 രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരാണ് അർഹരായത്. ഇക്കൂട്ടത്തിൽ ഇന്ത്യയുടെ മിതുൽ കജാരിയയും വിനയ മോഹനും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.
‘കൺസ്ട്രക്ഷൻ സൈറ്റിൽ കുട്ടി ഉറങ്ങുന്നു’ എന്ന പേരോടുകൂടിയ മിതുൽ കജാരിയയുടെ ചിത്രമാണ് പുരസ്കാരനേട്ടത്തിന് അർഹമായത്. ദൈനംദിന ജീവിതത്തിന്റെ വേദനാജനകമായ നിമിഷത്തെ പകർത്തിയ ഈ ചിത്രം ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. ഒരു നിർമ്മാണ സൈറ്റിൻ്റെ തിരക്കിനിടയിൽ ശാന്തമായി ഉറങ്ങുന്ന ഒരു കൊച്ചുകുട്ടിയെയാണ് അദ്ദേഹം ചിത്രീകരിക്കുന്നത്. മലയാളിയായ വിനയ മോഹൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നാണ് മത്സരിച്ച് വിജയിയായത്. കർണാടക മേഖലയിൽ, ശിവന്റെ രൂപമായി ആരാധിക്കപ്പെടുന്ന ഗുളികൻ തെയ്യമായിരുന്നു അദ്ദേഹം ഫ്രെയിമിൽ മനോഹരമായി പകർത്തിയത്. ഏപ്രിൽ 19 മുതൽ മെയ് 6 വരെ ലണ്ടനിലെ സോമർസെറ്റ് ഹൗസിൽ നടക്കുന്ന പ്രദർശനത്തിൽ ദേശീയ, പ്രാദേശിക അവാർഡ് ജേതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
സോണി സ്പോൺസർ ചെയ്യുന്ന അവാർഡുകൾ വേൾഡ് ഫൊട്ടോഗ്രഫി ഓർഗനൈസേഷനാണ് സംഘടിപ്പിക്കുന്നത്. പുരസ്കാര ജേതാക്കൾക്ക് പണം, ക്യാമറ ഉപകരണങ്ങൾ, ലണ്ടനിലേക്കുള്ള യാത്ര എന്നിവ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഫോട്ടോഗ്രഫർമാർക്ക് കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യാന്തര അവസരങ്ങളും മത്സരം ഒരുക്കുന്നു. ഫോട്ടോഗ്രഫിയിൽ ആഗോള സമീപനം വളർത്തിയെടുക്കുകയും കൂടുതൽ ജനകീയമാക്കുകയുമാണ് അവാർഡിന്റെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]