
തൃശൂര്‍: ഇന്നലെ അവസാനിച്ച സംഗീത നാടക അക്കാദമിയുടെ ഇറ്റ്ഫോക്ക് (അന്താരാഷ്ട്ര നാടകോത്സവം) ഫെസ്റ്റിവലിൽ നാടകീയ സംഭവങ്ങൾ. പരിപാടിയിൽ നാടകം അവതരിപ്പിച്ച് മടങ്ങുന്നതിനിടയിൽ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അക്കാദമി അധികൃതര്‍ അപമാനിച്ചെന്നുമാണ് നാടക പ്രവർത്തകരുടെ ആരോപണം.
നാടക അവതരണം കഴിഞ്ഞ് അക്കാദമി വക വാഹനം കാത്ത് നിന്ന ഗര്‍ഭിണിയടക്കമുള്ള കലാകാരന്മാരെ പൊലീസ് ലാത്തിയുമായി എത്തി പറഞ്ഞുവിടാൻ ശ്രമിച്ചുവെന്നാണ് സംഭവത്തിന്റെ വീഡിയോ സഹിതം കലാകാരന്മാര് ആരോപിക്കുന്നത്.
വീഡിയോ ദൃശ്യങ്ങൾ പ്രകാരം, നിങ്ങളുടെ പരിപാടി കഴിഞ്ഞതല്ലേ എന്നും നിങ്ങൾ എങ്ങനെയാണ് ഇങ്ങോട്ട് വന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ ചോദിക്കുന്നുണ്ട്. ഏതെങ്കിലും വണ്ടിയിൽ കയറി പോകാനും പൊലീസ് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. എന്നാൽ സംഭവത്തിൽ കലാകാരന്മാര് ശക്തമായി പ്രതിഷേധിക്കുകയും പൊലീസിനോട് മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പൊലീസ് പിൻവാങ്ങുകയായിരുന്നു. നാടകാവതരണത്തിനെത്തിയ അതിഥികളായ കലാകാരന്മാരോടുള്ള പൊലീസ് നടപടിയെ അക്കാദമി സെക്രട്ടറി ഗൗരവത്തിലെടുത്തില്ലെന്നും കലാകാരന്മാര് ആരോപിക്കുന്നു. പരിപാടി കഴിഞ്ഞ് അക്കാദമി ഏര്പ്പാടേക്കേണ്ട വണ്ടി വരാൻ വൈകിയപ്പോൾ പാട്ടുപാടിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്നും ഇവര്‍ പറയുന്നു.
നാടക പ്രവര്‍ത്തകയായ മാളു ആര് ദാസ് പങ്കുവച്ച കുറിപ്പിങ്ങനെ…
അക്കാദമിയുടെ അഥിതികളായെത്തിയ ഞങ്ങളുടെ നാടക സംഘത്തെയും ഒപ്പമുണ്ടായിരുന്ന കലാകാരന്മാരെയും സെക്രട്ടറിയും പൊലീസും അപമാനിതാരാക്കിയാണ് ഇന്നലെ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് കേരള അവസാനിച്ചത്.. ഏതാണ്ട് ഒന്നരയോട് കൂടി അക്കാദമിയിലെത്തിയ പൊലീസുകാരോട് വിശദമായി കാര്യങ്ങൾ സംസാരിച്ചു. അവിടുന്ന് മടങ്ങിയ പൊലീസ് പിന്നീട് നാലഞ്ച് വണ്ടി നിറയെ ഉദ്യോഗസ്ഥരും ലാത്തിയുമായി വന്നാണ് ഭീഷണി മുഴക്കാൻ തുടങ്ങിയത്.
അക്കാദമി ഏർപ്പെടുത്തി തരേണ്ടിയിരുന്ന വാഹന സൗകര്യം ലഭ്യമാകാത്തതിനെ പറ്റി സംസാരിച്ചപ്പോൾ, അവര്‍ വണ്ടി തന്നില്ലെങ്കിൽ കിട്ടിയ വണ്ടിക്ക് സ്ഥലം വിട്ടൊളണം എന്നുമാണ് ഒരു ഉന്നത ഉദ്യോഗസ്ഥൻ ഗർഭിണിയായ എന്റെ നേരെ ആക്രോശിച്ചത്. ലാത്തിക്ക് അടി കിട്ടുമെന്ന് വരെ ഭയന്നു. പൊലീസിന്റെ കയ്യിൽ ലാത്തിയുണ്ടാവുന്നത് സ്വാഭാവികവും അവരുടെ അധികാര പ്രയോഗം സാധാരണവുമാണെന്ന മട്ടിലാണ് പോലീസിനെ സപ്പോർട്ട് ചെയ്തു കൊണ്ട് അവരെ അങ്ങോട്ട് വിളിച്ചു വരുത്തിയ സെക്രട്ടറി സംസാരിച്ചത്… 14 വർഷങ്ങൾ തുടർച്ചയായി നടന്നു വരുന്ന ഇറ്റഫോക്കിൽ ആദ്യമായാണ് പരിപാടിക്ക് ശേഷം കലാകാരൻമാരെ ഇറക്കി വിടാൻ പോലീസ് സന്നാഹമെത്തുന്നത്.
എന്താണ് ഞങ്ങൾ ചെയ്ത കുറ്റം?അക്കാഡമിയിൽ ഇരുന്ന് പാട്ടു പാടിയതോ..? അത് പറ്റില്ലെങ്കിൽ പിന്നെന്തിനാണ് “സംഗീത നാടക” അക്കാഡമിയും ഈ ഫെസ്റ്റിവലും?? ഒരു വേദിയിൽ നിന്നും ഒരു ഇറ്റഫോക്കിൽ നിന്നും ഇങ്ങനെ അപമാനിക്കപ്പെട്ടിട്ടില്ല. കേരളത്തിന് പുറത്തു നിന്ന് വന്ന കലാകാരൻമാരോ സംഘമോ ആയിരുന്നെങ്കിൽ സെക്രട്ടറിയും പൊലീസും ഇങ്ങനെ പെരുമാറുമായിരുന്നോ?? ഞങ്ങളാലാകും വിധം മനോഹരമാക്കി ഒരു നാടകം ചെയ്തു തീർത്ത് അതിന്റെ പ്രശംസകളേറ്റുവാങ്ങിയ സന്തോഷം തീരുന്നതിനു മുൻപ് ഞങ്ങളെ അവിടുന്ന് ഇറക്കി വിടാൻ വ്യഗ്രത കാട്ടിയ സെക്രട്ടറിക്കും കേരള പോലീസിനും കലാകാരൻമാരുടെ പേരിലും വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ പേരിലും നന്ദി രേഖപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]