കൊല്ലം: കെ.എസ്.ആർ.ടി.സി ഗ്യാരേജുകളിൽ സ്പെയർ പാർട്സുകൾക്ക് വൻ ക്ഷാമമായതോടെ രാവിലെ പ്രാർത്ഥനയോടെയാണ് ബസുമായി ഇറങ്ങുന്നതെന്ന് ഡ്രൈവർമാരും കണ്ടക്ടർമാരും പറയുന്നു! ബ്രേക്ക് സംവിധാനത്തിലെ പ്രധാന ഘടകങ്ങളായ ബ്രേക്ക് ഡ്രം, സ്ലാക്ക് അഡ്ജസ്റ്റർ എന്നിവയും ടയറുകളുമാണ് കിട്ടാക്കനിയായത്. ബ്രേക്കും ടയറും പൊട്ടരുതേ എന്നു മാത്രമാണ് മനസിലുള്ളതെന്ന് ഡ്രൈവർമാർ.
ബ്രേക്കിലെ അടക്കം തകരാറുകൾ താത്കാലികമായി പരിഹരിച്ചാണ് ബസുകൾ സർവീസിന് അയയ്ക്കുന്നത്. തിരികെ എത്തുമ്പോഴേക്കും ഭൂരിഭാഗം ബസുകളും പണിമുടക്കുന്ന അവസ്ഥയിലായിരിക്കും. ഒരു ബസ് തന്നെ എല്ലാദിവസവും പണിയേണ്ട അവസ്ഥയുമുണ്ട്. 15 വർഷം കഴിഞ്ഞിട്ടും നിരത്തിലുള്ള ഓർഡിനറി ബസുകൾക്ക് സ്ഥിരം തകരാറാണ്. നേരത്തെ കോമൺ പൂൾ സംവിധാനം ഉണ്ടായിരുന്നപ്പോൾ സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റാൻ അധികം ബസുകൾ ഉണ്ടാകുമായിരുന്നു. അറ്റകുറ്റപ്പണി വീണ്ടും ഡിപ്പോ ഗ്യാരേജുകളിൽ ആക്കിയതോടെ മറ്റൊന്നിൽ നിന്ന് ഊരിയിട്ട് പ്രശ്നം പരിഹരിക്കാൻ ബസുകളില്ലാത്ത അവസ്ഥയാണ്.
സെൻട്രൽ ചീഫ് സ്റ്റോറിൽ നിന്നാണ് സ്പെയർ പാർട്സുകൾ ഡിപ്പോ ഗ്യാരേജുകൾക്ക് നൽകുന്നത്. എന്നാൽ ആവശ്യപ്പെടുന്നതിന്റെ പകുതി പോലും ലഭിക്കാറില്ലെന്ന് ജീവനക്കാർ പറയുന്നു. വലിയ അറ്റകുറ്റപ്പണി ആവശ്യമായ യന്ത്രസാമഗ്രികൾ പാപ്പനംകോട്, മാവേലിക്കര എന്നിവിടങ്ങളിലെ സെൻട്രൽ വർക്ക് ഷോപ്പുകളിലേക്കാണ് അയയ്ക്കുന്നത്. അവിടെയും സ്പെയർ പാർട്സുകൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ തിരികെ കിട്ടാനും കാലതാമസം ഉണ്ടാവാറുണ്ട്.
പാടുപെട്ട് ജീവനക്കാർ
ഒരുപിടി പ്രശ്നങ്ങൾ എഴുതിയാണ് ഡ്രൈവർമാർ രാത്രി ബസുകൾ ഗ്യാരേജുകളിൽ എത്തിക്കുന്നത്. ഭൂരിഭാഗം ഡിപ്പോകളിലും ആവശ്യത്തിന് ജീവനക്കാരുമില്ല. പുലർച്ചെയ്ക്കുള്ളിൽ തകരാർ പരിഹരിച്ചില്ലെങ്കിൽ സർവീസ് മുടങ്ങും. ഉള്ള ജീവനക്കാർ പെടാപ്പാട് പെട്ടാണ് ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവീസിന് കൈമാറുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്പെയർ പാർട്സ് ഇല്ലാത്തതിന്റെ പേരിൽ അറ്റകുറ്റപ്പണി നടത്താതിരുന്നാൽ സർവീസുകൾ മുടങ്ങും. കൂടുതൽ തകരാർ ഓർഡിനറി ബസുകൾക്കാണ്. ഇവ സർവീസിന് അയയ്ക്കാതിരുന്നാൽ പകരം സംവിധാനം കാര്യമായില്ലാത്ത ഗ്രാമപ്രദേശങ്ങളിലുള്ളവർ ബുദ്ധിമുട്ടിലാവും. അതുകൊണ്ട് താത്കാലികമായി പ്രശ്നം പരിഹരിച്ചാണ് ബസുകൾ സർവീസിന് കൈമാറുന്നത്
ഗ്യാരേജ് ജീവനക്കാരൻ