കൊല്ലം: ഉത്പാദനക്കുറവിനൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞതോടെ തേങ്ങ വില കുതിച്ചുയരുന്നു. പൊതിക്കാത്ത തേങ്ങ ഒന്നിന് മൊത്തവിപണിയിൽ വില 32 മുതൽ 35 വരെയായി. പൊതിച്ച തേങ്ങ കിലോയ്ക്ക് 68 ആണ് മൊത്തവിപണിയിൽ വില.
ക്രൊപ കിലോയ്ക്ക് 150 മുതലും കൊട്ടത്തേങ്ങ കിലോയ്ക്ക് 100 രൂപയുമാണ് വില. നാടൻ തേങ്ങ ഉത്പാദനവും വലിയതോതിൽ കുറഞ്ഞു. കാലാവസ്ഥ വ്യതിയാനവും കർഷകർക്ക് തെങ്ങ് കൃഷിയോടുള്ള വിമുഖതയുമാണ് ഉത്പാദനം കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ പഴയതുപോലെ തേങ്ങ ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പക്ഷം.
പൊള്ളാച്ചി, നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലെ മാർക്കറ്റുകളിൽ പ്രധാനമായും തേങ്ങ എത്തുന്നത്. നാടൻ തേങ്ങ കിട്ടാക്കനി ആയതിനാൽ പൊള്ളാച്ചിയാണ് ആശ്രയം. നാഗർകോവിലിൽ നിന്നുള്ള വരവും കുറഞ്ഞു. കുറച്ച് നാൾ മുൻപ് വരെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെ ഒരു തേങ്ങ വ്യാപാരിക്ക് 15 ലോഡ് വരെ മാസം ലഭിച്ചിരുന്നു.
പക്ഷേ ഇപ്പോൾ ഇത് പകുതിയായി കുറഞ്ഞു. കോഴിക്കോട്, പാലക്കാട്,മലപ്പുറം എന്നിവിടങ്ങളിൽ നിന്നും ജില്ലയിലേക്ക് തേങ്ങ എത്താറുണ്ട്. കരുനാഗപ്പള്ളി, കായംകുളം ഭാഗങ്ങളിൽ നിന്നാണ് പൊതിക്കാത്ത തേങ്ങ കൂടുതലായും എത്തുന്നത്.
അടുക്കള അലങ്കോലം
തേങ്ങയില്ലാത്ത അടുക്കളയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. തേങ്ങയ്ക്കൊപ്പം വെളിച്ചെണ്ണ വിലയും വർദ്ധിച്ചത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ചിട്ടുണ്ട്. പായ്ക്കറ്റ് വെളിച്ചെണ്ണ വില ലിറ്ററിന് 250- 280 രൂപ വരെ (എം.ആർ.പി) എത്തിയിട്ടുണ്ട്. വിവിധ കമ്പനികൾ പല വിലയാണ് ഈടാക്കുന്നത്. ആട്ടിയ വെളിച്ചെണ്ണ വില കിലോയ്ക്ക് 300 രൂപയ്ക്ക് മുകളിലായി. ഇതോടെ കടകളിലും വീട്ടിലെ ആവശ്യങ്ങൾക്കും വെളിച്ചെണ്ണയുടെയും തേങ്ങയുടെയും ഉപയോഗം പരിമിതപ്പെടുത്തേണ്ട അവസ്ഥയായി.
ചക്കിലാട്ടിയ വ്യാജൻ!
ചക്കിലാട്ടിയത് എന്ന പേരിൽ തമിഴ്നാട്ടിൽ നിന്ന് വ്യാജ വെളിച്ചെണ്ണയും ജില്ലയിലേക്ക് എത്തുന്നുണ്ട്. രാസവസ്തുക്കൾ കലർന്ന ഈ വെളിച്ചെണ്ണ ക്യാൻസറിനു വരെ കാരണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
വില (ഹോൾസെയിൽ, റീട്ടെയിൽ)
പൊതിച്ച തേങ്ങ (1 കിലോ): 68, 75
പൊതിക്കാത്ത തേങ്ങ (ഒന്നിന്): 32-35, 37-40
കൊപ്ര (1 കിലോ): 150, 160
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണം. ശബരിമലസീസൺ കഴിയുന്നതോടെയും പുതിയ തേങ്ങ വരുന്നതോടെയും ഫ്രെബ്രുവരി, മാർച്ച് മാസത്തോടെ വില അല്പം താഴാന്നാണ് സാദ്ധ്യത
സുധാകരൻ, തേങ്ങ മൊത്തവ്യാപാരി