
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ സിപിഎം നേതാവ് തോമസ് ഐസക്കിന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അടുത്ത തിങ്കഴാഴ്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. എന്നാൽ ഇഡി വിരട്ടാൻ നോക്കേണ്ടെന്നും എല്ലാ വിവരങ്ങളും കിഫ്ബി ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ടെന്നുമാണ് തോമസ് ഐസക് ആവർത്തിക്കുന്നത്.
ലണ്ടൻ സ്റ്റോക് എസ്ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോർട്ടിന് പിന്നാലെയാണ് ഇഡിയും ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്. കിഫ്ബി സിഇഒ, മുൻ മന്ത്രി തോമസ് ഐസക് എന്നിവരടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം. വിദേശത്ത് നിന്ന് സമാഹരിച്ച പണം ചട്ടം ലംഘിച്ച് റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഉപയോഗിച്ചെന്നാണ് ഇഡി വാദം.
കേസിൽ കഴിഞ്ഞ 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും 21 വരെ നേരത്തെ നിശ്ചയിച്ച പരിപാടികളുള്ളതിനാൽ സാവകാശം വേണെന്ന് ഐസക് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് 22 ന് ഹാജരാകാൻ നിർദ്ദേശിച്ചത്. എന്നാൽ ഇഡി ആവശ്യപ്പെട്ട വിവരങ്ങളെല്ലാം കിഫ്ബി കോടതിയിൽ നൽകിയിട്ടുണ്ടെന്നും താൻ ഹാജരാകുന്നത് ആചോലിച്ച് തീരുമാനിക്കുമെന്നുമാണ് ഐസക് ആവർത്തിച്ചത്
കിഫ്ബി ഉദ്യോഗസ്ഥരിൽ നിന്ന് മസാല ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘത്തിനാണ് വിവരങ്ങൾ കൈമാറേണ്ടതെന്നുമാണ് ഇഡി നിലപാട്. പാസപോർട്ട്, ആധാർകോപ്പി, മസാല ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എന്നിവ ഹാജരാക്കാനാണ് ഇഡി നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിൽ ഇഡി നോട്ടീസ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. തോമസ് ഐസകും വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
Last Updated Jan 19, 2024, 12:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]