
തിരുവനന്തപുരം: കണിയാപുരം ജംഗ്ഷനില്‍ ഏഴ് സ്പാനുകളുള്ള എലിവേറ്റഡ് കോറിഡോര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കാണാന്‍ മന്ത്രി ജി. ആര് അനിലും എംഎല്‍എ കടകംപള്ളി സുരേന്ദ്രനും ഫെബ്രുവരി ഏഴിന് ദില്ലിയിലെത്തും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിയും എംഎല്‍എയും കേന്ദ്രമന്ത്രിയെ കാണുന്നത്.
‘ദേശീയപാത 66ന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണിയാപുരം ജംഗ്ഷനില്‍ നിര്‍ദ്ദിഷ്ട 45 മീറ്ററില്‍ നിര്‍മ്മിക്കുന്ന ദേശീയപാതയുടെ മധ്യത്ത് 30 മീറ്റര്‍ വീതിയില്‍ ഇരുവശവും കോണ്‍ക്രീറ്റ് മതിലുകള്‍ ഉയര്‍ത്തി അതിനു മുകളിലാണ് പുതിയ പാത നിര്‍മ്മിക്കുന്നത്. ഇതു മൂലം കണിയാപുരം പ്രദേശത്തെ രണ്ടായി വിഭജിക്കപ്പെടുകയും ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് വിശദമായ പ്രൊപ്പോസല്‍ തയാറാക്കി എന്‍.എച്ച്.ഐ പ്രോജക്ട് ഡയറക്ടര്‍ക്കും റീജിയണല്‍ ഓഫീസര്‍ക്കും മന്ത്രി ജി. ആര് അനില്‍ നല്‍കിയിരുന്നു. കൂടാതെ 2022 ഡിസംബര്‍ 14ന് കേന്ദ്ര ഉപരിതല-ഗതാഗത മന്ത്രിയ്ക്ക് കത്തും നല്‍കിയിരുന്നു.’ ഇതില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയെ കാണാന്‍ ദില്ലിയിലേക്ക് പോകുന്നതെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു.
ഏഴു സ്പാനുകളുള്ള 210 മീറ്റര്‍ എലിവേറ്റഡ് കോറിഡോര്‍ നിര്‍മ്മിക്കുന്നതിലൂടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇതു സംബന്ധിച്ച് മന്ത്രി ജി. ആര് അനിലും, കടകംപള്ളി സുരേന്ദ്രനും ജനപ്രതിനിധികളും എല്‍.ഡി.എഫ് നേതാക്കളും മുഖ്യമന്ത്രിയെ നേരില്‍ കണ്ടിരുന്നു. ഈ വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കിയതോടൊപ്പം കേന്ദ്ര മന്ത്രിയെ നേരില്‍ കാണുന്നതിന് മന്ത്രിയ്ക്കും എം.എല്‍.എയ്ക്കും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Last Updated Jan 19, 2024, 9:10 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]