
തിരുവനന്തപുരം: ഇലക്ട്രിക് ബസ് ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ വികെ പ്രശാന്ത് എംഎല്‍എ രംഗത്ത്. തിരുവനന്തപുരം സോളാര്‍ നഗരമാക്കാനും ഇലക്ട്രിക് ബസുകള്‍ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ബസുകള്‍ നഗരവാസികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആര്‍ടിസി ചെയ്യേണ്ടതെന്ന് വികെ പ്രശാന്ത് പറഞ്ഞു.
മറ്റ് ബസുകള്‍ അധികം ഇല്ലാത്ത റൂട്ടുകളിലേക്കുള്ള ഇലക്ട്രിക്ക് ബസ് വലിയ ആശ്വാസമെന്നാണ് തലസ്ഥാനവാസികളും പറയുന്നത്. വളരെ പ്രതീക്ഷയോടെയാണ് ഇലക്ട്രിക് ബസുകളുടെ റൂട്ട് കെഎസ്ആര്‍ടിസി തലസ്ഥാന നഗരത്തില്‍ അവതരിപ്പിച്ചത്. 10 രൂപ നിരക്കില്‍ യാത്ര ചെയ്യുന്നതിനുള്ള സംവിധാനത്തെ നഗരവാസികള്‍ ഇരുകൈയും നീട്ടിയാണ് സ്വാഗതം ചെയ്തത്. ഇലക്ട്രിക് ബസ് ഇനി വാങ്ങുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ നിരാശയിലാണ് ഇവര്‍. സാധാരണക്കാര്‍ക്ക് വളരെ ഉപയോഗപ്രദമാണ് ഇലക്ട്രിക് ബസ് സര്‍വീസ് എന്നും യാത്രക്കാര്‍ പറയുന്നു.
തിരുവനന്തപുരത്തെ ഇലക്ട്രിക് ബസുകളുടെ സിറ്റി സര്‍വീസ് ലാഭമാണെന്ന് കെഎസ്ആര്‍ടിസിയും നേരത്തെ അറിയിച്ചിരുന്നു. ഓരോ ബസും പ്രതിമാസം ശരാശരി 25,000 രൂപ ലാഭത്തിലാണെന്നായിരുന്നു കെഎസ്ആര്‍ടിസി മുമ്പ് അറിയിച്ചത്. ഇലക്ട്രിക് ബസുകള്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ ശരാശരി 10,000 പേര് പോലും കയറിയിരുന്നില്ല. എന്നാല്‍, ഇലക്ട്രിക് ബസില്‍ നഗരത്തില്‍ എവിടെയും 10 രൂപ നിരക്കില്‍ യാത്ര ചെയ്യാമെന്ന രീതിയായതോടെ ആളുകള്‍ കയറി തുടങ്ങി. നിലവില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളില്‍ 70,000-80,000 പേര് ദിവസവും കയറുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി തന്നെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, പെട്ടെന്നാണ് ഇലക്ട്രിക് ബസ് നഷ്ടമാണെന്ന് മന്ത്രി പറയുന്നത്. ഇതിന്റെ കണക്ക് അധികൃതര്‍ വിശദീകരിച്ചിട്ടുമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]