

First Published Jan 18, 2024, 4:28 PM IST
‘L01-501’ നവി മുംബൈ പൊലീസിനെ കുഴപ്പിച്ച നമ്പറായിരുന്നു ഇത്. ഒരു കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഉപേക്ഷിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച് പൊലീസിന് കിട്ടിയ ഏക സൂചന. ഈ നമ്പറെന്താണ് എന്ന് അന്വേഷിച്ച് കുറച്ചൊന്നുമല്ല പൊലീസ് അലഞ്ഞത്.
കൊല്ലപ്പെട്ടത് വൈഷ്ണവി ബാബറെന്ന 19 -കാരി. കൊലപ്പെടുത്തിയത് അവളുടെ കാമുകനായിരുന്ന 24 -കാരന് വൈഭവ് ബുറുംഗലെ. വൈഷ്ണവിയെ കൊന്നതിന് പിന്നാലെ വൈഭവ് ആത്മഹത്യ ചെയ്തു. വൈഭവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയെങ്കിലും വൈഷ്ണവിയുടെ മൃതദേഹം എവിടെയെന്നത് കണ്ടെത്താനായില്ല. ഡിസംബർ 12 -നാണ് വൈഷ്ണവിയെ കാണാതെയാവുന്നത്. അവളെ കൊലപ്പെടുത്തിയതിന് പിന്നാലെ സാന്‍പാഡയില്‍ ട്രെയിനിന്റെ മുന്നിൽച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു വൈഭവ്.
ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ, ജാതി വ്യത്യസ്തമായിരുന്നതിനാൽ തന്നെ വൈഷ്ണവിയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തു. വൈഷ്ണവിയും ബന്ധത്തിൽ നിന്നും പിൻവാങ്ങി. വൈഷ്ണവി തന്നെ മനപ്പൂർവം ഒഴിവാക്കിയതാണോ, അവൾക്ക് മറ്റ് ബന്ധങ്ങളുണ്ടോ തുടങ്ങിയ സംശയങ്ങൾ വൈഭവിനുണ്ടായിരുന്നു. പിന്നാലെയാണ് അയാൾ വൈഷ്ണവിയെ കൊലപ്പെടുത്തുന്നത്. സിപ് ടാഗ് കൊണ്ട് കഴുത്തു മുറുക്കിയാണ് ഇയാൾ വൈഷ്ണവിയെ കൊന്നത്.
വൈഷ്ണവിയെ കൊന്നത് വൈഭവാണെന്ന് മനസിലായെങ്കിലും, വൈഭവിന്റെ ചിന്നിച്ചിതറിയ മൃതദേഹം കണ്ടെത്തിയെങ്കിലും വൈഷ്ണവിയുടെ മൃതദേഹം എവിടെയാണ് എന്ന് കണ്ടെത്താനായിരുന്നില്ല. എന്നാൽ, വൈഭവിന്റെ മൃതദേഹത്തോടൊപ്പം കണ്ടെത്തിയ മൊബൈൽ ഫോണിൽ ഒരു കുറിപ്പുണ്ടായിരുന്നു. അതിൽ വൈഷ്ണവിയെ താൻ കൊലപ്പെടുത്തി എന്ന് വൈഭവ് സമ്മതിക്കുന്നുണ്ട്. ഒപ്പം മൃതദേഹം എവിടെ ഉപേക്ഷിച്ചു എന്നതിന് സൂചനകളുമുണ്ടായിരുന്നു. അതായിരുന്നു L01-501. അതിനടുത്തായിട്ടാണ് താൻ മൃതദേഹം ഉപേക്ഷിച്ചത് എന്നാണ് വൈഭവ് എഴുതിയിരുന്നത്.
പക്ഷേ, ഒരുമാസം അന്വേഷിച്ചിട്ടും ഈ നമ്പറെന്താണ് എന്നോ, മൃതദേഹം എവിടെയാണ് ഒളിപ്പിച്ചത് എന്നോ കണ്ടെത്താൻ പൊലീസിനായില്ല. പിന്നാലെ, മുംബൈ പൊലീസ് കമ്മീഷണര്‍ മിലിന്ദ് ഭരംബെ ഡിസിപി അമിത് കാലെയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയമിച്ചു.
സാധ്യമായ സകലവഴികളിലൂടെയും സംഘം അന്വേഷണം നടത്തി. വൈഷ്ണവിയും വൈഭവും പോയ പ്രദേശങ്ങളിൽ തിരഞ്ഞു. വനം വകുപ്പ്, ഫയര്‍ യൂണിറ്റ്, സിഡ്കോ, നാട്ടുകാർ തുടങ്ങി തിരച്ചിലിൽ പങ്കാളിയാവാൻ ആരും ബാക്കിയില്ല എന്ന അവസ്ഥ വന്നു. ഫോൺ അടക്കം സകലതും പരിശോധിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല.
ഒടുവിൽ, വനംവകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്തപ്പോഴാണ് മൃതദേഹം ഒളിപ്പിച്ചിരുന്ന സ്ഥലത്തെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ആഴ്ചകൾ അവരെ കുഴക്കിയ ആ നമ്പർ L01-501, അതെന്താണ് എന്നുള്ളതിന്റെ ഉത്തരം അവരുടെ കയ്യിലുണ്ടായിരുന്നു. അതൊരു മരത്തിന്റെ നമ്പറായിരുന്നു. ട്രീ സെന്‍സസ് പ്രകാരം ഒരു മരത്തിന് നൽകിയിരിക്കുന്ന നമ്പർ. അത് തിരിച്ചറിഞ്ഞതോടെ അവിടെയായി പരിശോധന. അത് തെറ്റിയില്ല. അവിടെ മൃതദേഹം ഉണ്ടായിരുന്നു.
ഒടുവിൽ, ആഴ്ചകളോളം പൊലീസിനെ അലട്ടിയ ആ ചോദ്യത്തിന് ഉത്തരം ലഭിച്ചു, എന്താണ് L01-501, എവിടെയാണ് വൈഷ്ണവി.
Last Updated Jan 18, 2024, 4:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]