കൊച്ചി : സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത ഫ്ലക്സുകളും ബോർഡുകളും ചുരുങ്ങിയ സമയത്തിൽ നീക്കം ചെയ്ത സർക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം. കോടതിയും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച ഈ കൂട്ടായ്മ ഇനിയും തുടർന്നാൽ നല്ല മാറ്റങ്ങളുണ്ടാകുമെന്നും കോടതി പറഞ്ഞു. അനധികൃത ബോർഡ് സ്ഥാപിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്ന നടപടിയിൽ വിട്ട് വീഴ്ച ഉണ്ടാകരുതെന്നും ഇല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
അനധികൃത ബോർഡ് സ്ഥാപിച്ചതിൽ ഒരാഴ്ചക്കുള്ളിൽ 95 ലക്ഷം പിഴ ചുമത്തിയെന്ന് തദ്ദേശ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് ഓൺലൈനിൽ ഹാജരായി അറിയിച്ചു. ഇതിൽ 14 ലക്ഷം രൂപ ഈടാക്കിയെന്നും സെക്രട്ടറി കോടതിയിൽ പറഞ്ഞു. അനധികൃതമായി ആരും ബോർഡ് വയ്ക്കുന്നില്ലെന്ന് എല്ലാ ദിവസവും സർക്കാർ ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശം നൽകി. അനധികൃത ബോർഡുകളും ഫ്ലക്സും നീക്കം ചെയ്യാൻ കോടതി സമയപരിധി തീരുമാനിച്ച സാഹചര്യത്തിലാണ് കോടതി കേസ് വീണ്ടും പരിഗണിച്ചത്. കേസ് വരുന്ന ജനുവരി 8ന് വീണ്ടും പരിഗണിക്കും.ഫ്ലക്സ് ബോർഡുകൾക്കെതിരായ നടപടിയുടെ പേരിൽ ജഡ്ജിമാരെ അപഹസിക്കാൻ ശ്രമിക്കുന്ന ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ ആരും വെറുതെ വിടില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാദത്തിനിടെ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]