ബ്രിസ്ബെയ്ന്‍: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് പിന്നാലെ ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന് പരിക്കെന്ന് റിപ്പോര്‍ട്ട്. അരക്കെട്ടിലാണ് ഹെഡിന് പരിക്കേല്‍ക്കുന്നത്. രണ്ടാം ഇന്നിംഗ്സില്‍ അദ്ദേഹത്തിന് പത്ത് മിനിറ്റിലധികം ഫീല്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കമന്റേറ്റര്‍ ബ്രെട്ട് ലീ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഓസ്ട്രേലിയന്‍ ടീം വക്താവും താരത്തിന് പരിക്കേറ്റതായി തറപ്പിച്ച് പറഞ്ഞു. ബ്രിസ്ബേനില്‍ മത്സരത്തിലെ താരം ഹെഡ് ആയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 152 റണ്‍സ് നേടിയ ഹെഡ് രണ്ടാം ഇന്നിംഗ്സില്‍ 17 റണ്‍സിന് പുറത്തായി.
പരമ്പരയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ഹെഡ് തന്നെയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 409 റണ്‍സാണ് ഹെഡിന്റെ സമ്പാദ്യം. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഓസീസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമാണ്. അടുത്ത രണ്ട് ടെസ്റ്റുകളും താരത്തിന് നഷ്ടമാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ഹെഡ് തന്നെ നിഷേധിച്ചു. ചെറിയ വേദയ ഉണ്ടെന്നും എന്നാല്‍ അടുത്ത ആവുമ്പോഴേക്ക് പൂര്‍ണമായും ഫിറ്റനെസ് വീണ്ടെടുക്കുമെന്നും ഹെഡ് മത്സരശേഷം വ്യക്തമാക്കി.
അതേസമയം, ബ്രിസ്ബേന്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്ത്യക്ക് മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യമാണ് ഓസീസ് വച്ചിരുന്നത്. ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച് സ്കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സുള്ളപ്പോഴേക്കും വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി നിര്‍ത്തി. പിന്നീട് മഴയുമെത്തിയതോടെ അഞ്ചാം ദിവസം ഉപേക്ഷിക്കേണ്ടി വന്നു. സ്കോര്‍: ഓസ്ട്രേലിയ 445 & 89/7 ഡി, ഇന്ത്യ 260 & 8/0. അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 തുടരുന്നു.
ബ്രിസ്ബേന്‍ ടെസ്റ്റിന് ശേഷം ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന് വിരമിക്കല്‍ തീരുമാനമെടുത്തിരുന്നു. 106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 116 ഏകദിനത്തില്‍ 156 വിക്കറ്റും 65 ട്വന്റി 20യില്‍ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റില്‍ 6 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ആകെ 3503 റണ്‍സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]