പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. കൊടൈക്കനാൽ ബ്ലിസ് വില്ലയിൽ എം ശരവണകുമാർ (47) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ ശരംകുത്തിയിലെ ഒന്നാം നമ്പർ ക്യൂ കോംപ്ലക്സിന് സമീപം കുഴഞ്ഞുവീണ ശരവണനെ എമർജൻസി മെഡിക്കൽ സെന്റ്റിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതടക്കമുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിച്ചു.
മാളികപ്പുറത്തേയ്ക്കുള്ള ഫ്ളൈ ഓവറിന്റെ മേൽക്കൂരയിൽ നിന്ന് താഴേയ്ക്ക് ചാടിയ കർണാടക സ്വദേശിയായ തീർത്ഥാടകൻ കഴിഞ്ഞദിവസം മരിച്ചിരുന്നു. കനകപുര രാംനഗർ സ്വദേശി കുമാർ (40) ആണ് മരിച്ചത്. ഫ്ളൈ ഓവറിന്റെ ഷീറ്റിട്ട മേൽക്കൂരയിൽ നിന്ന് 20 അടിയോളം താഴ്ചയിലേയ്ക്കാണ് കുമാർ ചാടിയത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്.
സി ടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ ആവശ്യമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.കുമാറിന് മാനസിക വെല്ലുവിളി ഉണ്ടായിരുന്നോ എന്നത് ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷമേ വ്യക്തമാവുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. താഴേയ്ക്ക് വീണതിന് ശേഷം കുമാർ പരസ്പര വിരുദ്ധമായി സംസാരിച്ചതാണ് സംശയത്തിന് കാരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]