
കൊച്ചി: നെടുമ്പാശ്ശേരിയിൽ റദ്ദാക്കിയ ടിക്കറ്റുമായി വിമാനത്താവള ടെർമിനലിന് അകത്ത് കയറിയ ആൾ പിടിയിലായി. തൃശൂർ വടക്കേക്കാട് സ്വദേശി ഫൈസൽ ബിൻ മുഹമ്മദാണ് പിടിയിലായത്. ഖത്തർ എയർവെയ്സ് വിമാനത്തിൽ ദോഹയ്ക്കു പോകുന്നതിനുള്ള ടിക്കറ്റ് ഇയാൾ ആദ്യം എടുത്തിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. ഇതേ ടിക്കറ്റ് കാണിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഇയാൾ വിമാനത്താവളത്തിന് അകത്ത് കടന്നത്.
ദോഹയ്ക്ക് പോകേണ്ടിയിരുന്ന കുടുംബാംഗങ്ങളെ വിമാനത്താവള ടെർമിനലിന് അകത്ത് സഹായിക്കുന്നതിന് വേണ്ടിയാണ് അകത്ത് കയറിയത് എന്നാണ് ഫൈസൽ ബിൻ മുഹമ്മദിന്റെ വാദം. ഇയാൾ ഓൺലൈനിലൂടെയാണ് ടിക്കറ്റ് റദ്ദാക്കിയത്. ഇതിനാൽ വിമാനക്കമ്പനിയുടെ കൗണ്ടറിൽ പരിശോധിക്കുമ്പോൾ മാത്രമേ ടിക്കറ്റ് റദ്ദായ വിവരം മറ്റുള്ളവർക്ക് മനസിലാവുകയുള്ളൂ. അതുകൊണ്ടാണ് റദ്ദാക്കിയ ടിക്കറ്റാണോ എന്നറിയാതെ സി ഐ എസ് എഫുകാർ ടെർമിനലിന് അകത്തേക്ക് കടത്തിവിട്ടത്.
എന്നാൽ അകത്ത് കയറിയ ഫൈസലിന് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. വിമാനത്താവളത്തിന് അകത്ത് പുറത്തിറങ്ങാൻ വഴി തേടി നടന്നയാളെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍, കൈയ്യിലുണ്ടായിരുന്ന ടിക്കറ്റ് പരിശോധിക്കുകയായിരുന്നു. റദ്ദാക്കിയ ടിക്കറ്റാണെന്ന് പരിശോധനയിൽ മനസിലായതോടെയാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
Last Updated Dec 18, 2023, 1:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]