
തിരുവനന്തപുരം: ലോകത്ത് അതിവേഗം പടരുന്ന കൊവിഡ് വകഭേദം ഒമിക്രോൺ ജെ.എൻ.വൺ കേരളത്തിലും റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനം ജാഗ്രതയിലാണ്. ഈ സാഹചര്യത്തിൽ എന്താണ് ജെഎൻ.വൺ വകഭേദമെന്നും ഇത് എത്രത്തോളം വ്യാപനശേഷിയുള്ളതാണെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎൻ. വൺ. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ചൈനയിലും 7 കേസുകൾ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലുംഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.
ചില രാജ്യങ്ങളിൽ രോഗ ലക്ഷണങ്ങളുമായി നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലെത്തുന്നതിന് കാരണം ഈ വൈറസിന്റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തൽ. തുടർന്ന് സിംഗപ്പൂരിലടക്കം അധികൃതർ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയെകുറിച്ചും പലയിടത്തും ചർച്ചയാകുന്നുണ്ട്.
നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ എക്സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാൾ ജെഎൻ 1 വകഭേദം വളരെ വേഗത്തിൽ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധർ പറയുന്നത്. കൊവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎൻ 1ന്റെ രോഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുക.
ഒമിക്രോൺ വകഭേദം പടരുമ്പോൾ തന്നെ കൂടുതൽ വകഭേദങ്ങൾ ഭാവിയിൽ ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനോടകം പല രാജ്യങ്ങളും ജനങ്ങൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ മുന്നറിയിപ്പ് നൽകി നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ഇന്ത്യയും അത്തരം നടപടികളിലേക്ക് കടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, ശുചിത്വം പാലിക്കുക, രോഗ ലക്ഷണങ്ങളുള്ളവർ ഒട്ടും വൈകാതെ പരിശോധയ്ക്ക് വിധേയരാവുക, തുടങ്ങി നേരത്തെ നാം ശീലിച്ച മുൻകരുതലുകൾ തന്നെയാണ് ഈ വൈറസിനെ ചെറുക്കാനും സ്വീകരിക്കേണ്ടത്. ഭയക്കാതെ ജാഗ്രത പാലിച്ച് ഈ വൈറസിനെയും നമുക്ക് തോൽപിക്കാം.
Last Updated Dec 17, 2023, 4:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]